ജയിലർ എന്ന ചിത്രത്തിൽ ഇന്റെർവെല്ലിന് തൊട്ടുമുൻപുള്ള സീനിലെ രജിനികാന്തിന്റെ പെർഫോമൻസാണ് തനിക്കേറ്റവുമിഷ്ടമെന്ന് സംവിധായകൻ നെൽസൺ. അദ്ദേഹം കസേരയിൽ ഇരിക്കുന്ന സീൻ താൻ ഒരു ഫാൻ ബോയ് ആയതുകൊണ്ട് ഷൂട്ട് ചെയ്തതല്ലെന്നും അതൊക്കെ കഥാപാത്രത്തിനായി ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ചില സീനുകൾ കണ്ടിട്ട് താൻ അഭിനന്ദിച്ചപ്പോൾ അദ്ദേഹം വളരെ വിനയത്തോടെ നന്ദി പറഞ്ഞെന്നും നെൽസൺ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷൂട്ടിങ്ങിനിടയിൽ മോണിറ്ററിലൂടെ നോക്കിയപ്പോൾ തന്നെ അത്ഭുതപെടുത്തിയ സീൻ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഇന്റെർവെല്ലിന് മുൻപ് അദ്ദേഹം കത്തികൊണ്ട് ഒരാളെ കുത്തിയിട്ട് വരുന്ന സീൻ ഉണ്ട്, അതെന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. ചില ഷോട്ടുകൾ ഒക്കെ എടുക്കുമ്പോൾ നമ്മൾ തന്നെ അതിന്റെ ഉള്ളിലായിപോയപോലെയാണ്.
രജിനി എപ്പോഴും രജിനി തന്നെയാണ്, അത് തെളിയിക്കുന്ന തരത്തിലുള്ള ,മാസ്സ് സംഭവങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ പടങ്ങളിൽ കാണാൻ കഴിയുന്നത്. ക്ലൈമാക്സ് സീനിൽ അദ്ദേഹം കസേരയിൽ ഇരിക്കുന്ന സീൻ ഒന്നും ഞാൻ ഒരു ഫാൻ ബോയ് ആയതുകൊണ്ട് ചെയ്തതല്ല. അതൊക്കെ കഥാപാത്രങ്ങൾക്കായി ചെയ്തതാണ്. എന്നാൽ ചില സീനൊക്കെ നമ്മൾ വിചാരിക്കുന്നതിലും അടിപൊളി ആകും. ഓരോ സീനുകൾ കാണുമ്പോൾ സൂപ്പറായിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറയും. അത് കേൾക്കുമ്പോൾ വളരെ വിനയതോടെ അദ്ദേഹം നന്ദി എന്ന് പറയും. അത് കേൾക്കുമ്പോൾ നമുക്ക് തോന്നും ഇനി പുള്ളി നമ്മളെ കളിയാക്കിയതാണോയെന്ന്.
അദ്ദേഹത്തിന്റെ സ്റ്റൈലും സ്വാഗും ഒക്കെ വേറിട്ട ലെവൽ. ശരിക്കും പറഞ്ഞാൽ ജയിലറിൽ അദ്ദേഹം വളരെ കുറച്ച് മാസ്സ് മാത്രമാണ് കാണിച്ചിട്ടുള്ളത്. അതിനേക്കാളും കൂടുതൽ ഒക്കെ പുള്ളി ചെയ്തിട്ടുമുണ്ട്, ഇനിയും ചെയ്യാൻ പറ്റും,’ നെൽസൺ പറഞ്ഞു.
അതേസമയം ജയിലര്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169ാമത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
തമന്ന, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.