| Tuesday, 23rd July 2024, 10:01 am

ഫലസ്തീന്റെ വിമോചനത്തിനായി ഹൂത്തികള്‍ പോരാട്ടം കടുപ്പിക്കണം: നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റഫ: ഫലസ്തീന്റെ വിമോചനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്ത് നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ എന്‍കോസി സ്വെലിവെലിലെ മണ്ടേല. ഈ വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ നിന്നും ഇസ്രഈലിനെ വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. പാരീസില്‍ ആര്‍.ടി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകമെമ്പാടുമുള്ള ആളുകളോടും ഐക്യദാര്‍ഢ്യ സമിതികളോടും മറ്റ് സംഘടനകളോടും ‘വര്‍ണവിവേചനം കാണിക്കുന്ന ഇസ്രഈലിനെ’തിരെ (അപ്പാര്‍ത്തീഡ് ഇസ്രഈല്‍) രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ (ഫലസ്തീന്‍ അനുകൂലികള്‍) ഇന്നിതാ പാരീസിലെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങളോടും ഡോളിഡാരിറ്റി മൂവ്മെന്റുകളോടും മറ്റ് സംഘടനകളോടും ഇസ്രഈലിനെ ഒളിമ്പിക്സില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.

ജൂലൈ 26ന് നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ആദ്ദഹം കൂട്ടിച്ചേര്‍ത്തു.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന അത്‌ലീറ്റുകളും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും അടക്കം 400ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മണ്ടേല ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ കായിക മേഖലയെ ഒന്നാകെ തച്ചുനിരത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ഒളിമ്പിക്‌സില്‍ സയണിസ്റ്റ് കൊള്ളക്കാര്‍ പങ്കെടുക്കുന്നത് തടയാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അവരുടെ കൂട്ടത്തിലെ 30 അത്‌ലീറ്റുകള്‍ ഐ.ഡി.എഫില്‍ സേവനമനുഷ്ഠിക്കുകയും വംശഹത്യ, വംശീയ ഉന്മൂലനം, യുദ്ധക്കുറ്റങ്ങള്‍ എന്നിവയില്‍ പങ്കാളികളുമായിരുന്നു. ഈ കാരണത്താല്‍ അവരെ വിലക്കണെന്ന് ഞങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ ഒളിമ്പിക്‌സ് ടീം (ഫയല്‍ ചിത്രം)

ഫലസ്തീന്റെ വിമോചനത്തിനായി ഹൂത്തികള്‍ക്ക് പിന്തുണയും അദ്ദേഹം അറിയിച്ചു.

‘ഗസയിലെയും അധിനിവേശ ഫലസ്തീനിലെയും നമ്മുടെ സഹോദരങ്ങളെ മോചിപ്പിക്കുന്നതിനായി ഹൂത്തികള്‍ പോരാട്ടം ശക്തമാക്കണം,’ എന്‍കോസി മണ്ടേല പ്രസ്താവിച്ചു.

1997ല്‍ ഗസ സന്ദര്‍ശനത്തിനിടെ നെല്‍സണ്‍ മണ്ടേലയും ഫലസ്തീന്റെ വിമോചനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന്റെ വിമോചനം സാധ്യമാകാതെ ആഫ്രിക്കക്കാരുടെ സ്വാതന്ത്ര്യം പൂര്‍ണമാകില്ല എന്നാണ് നെല്‍സണ്‍ മണ്ടേല പറഞ്ഞത്.

Content highlight:  Nelson Mandela’s grandson Nkosi Zwelivelile Mandela said Houthis must intensify fight for Palestinian liberation

We use cookies to give you the best possible experience. Learn more