മണ്ടേല ഇനി ഓര്‍മ്മ
World
മണ്ടേല ഇനി ഓര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2013, 10:04 pm

[]ക്യൂനു: കറുത്തവരുടെ വിമോചന നായകന് കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍. ദക്ഷിണാഫ്രിക്കയുടെ കറുത്ത വര്‍ഗ്ഗക്കാരനായ  ആദ്യ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ഇനി ഓര്‍മ്മകളില്‍ ജീവിക്കും. മണ്ടേലയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ബാല്യകാല ഗ്രാമമായ ക്യൂനുവില്‍ പൂര്‍ത്തിയായി.

പരിപൂര്‍ണദേശീയ ബഹുമതികളോടെയായിരുന്നു  ചടങ്ങ് സംഘടിപ്പിച്ചത്. ലോക നേതാക്കളും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സാധാരണക്കരായ ജനങ്ങളുമുള്‍പ്പെടെ 45,000ത്തിലധികം ആളുകളെ സാക്ഷിയാക്കി പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

തെംബു ഗോത്രത്തില്‍ പിറന്ന മണ്ടേലയുടെ സംസ്‌കാര ചടങ്ങുകളും പരമ്പരാഗത ഗോത്രാചാരപ്രകാരമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മുന്‍ രാഷ്ട്രത്തലവന്‍,തെംബു വംശത്തിന്റെ റീജന്റ് എന്നീ രീതികളിലാണ് യാത്രയയപ്പ് ചടങ്ങുകള്‍ നടന്നത്.

ചടങ്ങുകള്‍ക്കൊടുവില്‍ കുടുംബ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. ചടങ്ങുകളുടെ ഭാഗമായി സര്‍വ്വമത പ്രാര്‍ത്ഥനയും നടന്നു. രണ്ട് ഘട്ടമായാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

ആദ്യ ഘട്ടത്തില്‍ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, ഡെസ്മണ്ട് ടുട്ടു, ഇറാന്‍ വൈസ് പ്രസിഡണ്ട് എന്നീ പ്രമുഖര്‍ പങ്കെടുത്തു. രണ്ടാം ഘട്ടം മതാചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട് നിന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

ആത്മാവിനെ പിതൃക്കളോട് ചേര്‍ക്കുന്നതിനുള്ള ആചാരചടങ്ങുകളാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. മൂന്നു ദിവസത്തെ പൊതുദര്‍ശനത്തിനു ശേഷം ഇന്ന് രാവിലെയാണ് പ്രിട്ടോറിയയില്‍ നിന്ന് മണ്ടേലയുടെ ശവമഞ്ചം ജന്‍മനാടായ ക്യൂനുവില്‍ എത്തിച്ചത്.

മൂന്ന് ദിവസമായി മൃതദേഹം പ്രിട്ടോറിയയിലെ സര്‍ക്കാര്‍ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു. മത്താത്ത വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കുനുവിലെത്തിച്ചത്.

ഡിസംബര്‍ ആറിനാണ് ഏറെ നാളായി രോഗ ബാധിതനായി കിടപ്പിലായിരുന്ന നെല്‍സണ്‍ മണ്ടേല അന്തരിച്ചത്. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹാനസ്ബര്‍ഗിലെ വസതിയില്‍ പ്രാദേശിക സമയം രാത്രി ഒമ്പതോടെയായിരുന്നു മരണം.

ശ്വാസകോശത്തില്‍ അണുബാധമൂലം മൂന്നു മാസത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മണ്ടേല. പിന്നീട് കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ സ്വവസതിയില്‍ പ്രത്യേക പരിചരണത്തിലിരിക്കേ ആയിരുന്നു മരണം.