| Thursday, 18th July 2019, 4:59 pm

രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം ആവശ്യപ്പെട്ടത് നെല്‍സണ്‍ മണ്ടേല; ഓര്‍മ്മ പുതുക്കി പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടത് നെല്‍സണ്‍ മണ്ടേലയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കവെയായിരുന്നു പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്വിറ്ററിലൂടെ പങ്കുവച്ച മണ്ടേലയുടെ ചിത്രത്തോടൊപ്പമാണ് പ്രിയങ്ക ഇക്കാര്യം ട്വീറ്റ് ചെയ്തത്. മണ്ടേലയുടെ മടിയില്‍ തന്റെ മകന്‍ ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്.

മണ്ടേലയെപ്പോലെയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘ മണ്ടേലയെപ്പോലെയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യം. സത്യത്തിലും സ്‌നേഹത്തിലും സ്വാതന്ത്രത്തിലും ഊന്നിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹമെനിക്ക് നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു. മറ്റാരെക്കാളും മുമ്പ് എന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. അദ്ദേഹം എന്നുമെന്റെ പ്രചോദനവും വഴികാട്ടിയുമായിരിക്കും’, പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ.

മറ്റൊരു ട്വീറ്റില്‍, 2001ല്‍ തന്റെ മകന്റെ ഫാന്‍സി തൊപ്പി നോക്കി അദ്ദേഹം നിഷ്‌കളങ്കമായി ചിരിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയങ്ക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. ജനുവരിയില്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം ഔദ്യോഗികമായി സ്വീകരിച്ചായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനം രാജി വച്ച രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയായി പാര്‍ട്ടിയുടെ അമരത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രിയങ്കയെ ആഗ്രഹിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിക്കാന്‍ പ്രിയങ്ക ഗാന്ധിക്കാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

We use cookies to give you the best possible experience. Learn more