എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുവാ. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണു കുര്‍ബാന ചൊല്ലുന്നത്?
ദൈവത്തിനു വേണ്ടിയോ? ദൈവജനത്തിനു വേണ്ടിയോ? അതോ അവനവന്റെയൊക്കെ ഈഗോയ്ക്ക് വേണ്ടിയോ?
എങ്ങോട്ട് തിരിഞ്ഞുനിന്ന് കുര്‍ബാന ചൊല്ലണമെന്ന് തര്‍ക്കം. തര്‍ക്കം മൂത്തുമൂത്ത് ഒരേ അള്‍ത്താരയില്‍ ഒരു കൂട്ടര്‍ ജനത്തിനഭിമുഖമായും മറ്റേ കൂട്ടര്‍ നേരെ എതിര്‍ ദിശയിലും നിന്ന് കുര്‍ബാന ചൊല്ലുന്നു.
ആ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവരുടെ മനസില്‍ എന്താവും? ഭക്തിയാണോ, അതോ അപ്പുറത്ത് നില്‍ക്കുന്നവന്‍ ഏത് ഗ്രൂപ്പില്‍ പെട്ടതാവുമെന്ന ചിന്തയോ?
ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രാര്‍ത്ഥനയാണു കുര്‍ബാനയെന്ന് പഠിപ്പിച്ച, കുര്‍ബാനയുടെ സമയത്ത് ഒരു സംസാരം പോലുമില്ലാതെ ഏകാഗ്രമായി പങ്കെടുക്കണമെന്ന് പഠിപ്പിച്ചവര്‍ തന്നെ ഒരേ വേദിയില്‍ ഭിന്നിപ്പിന്റെ ഉദാഹരണമാവുന്നു.
കുര്‍ബാനയുടെ ആദ്യ ഗാനം ഓര്‍മ്മ വന്നു വെറുതെ
‘അന്നാ പെസഹാ തിരുനാളില്‍
കര്‍ത്താവരുളിയ കല്‍പന പോല്‍
തിരുനാമത്തില്‍ ചേര്‍ന്നീടാം
ഒരുമയോടീ ബലിയര്‍പ്പിക്കാം’
‘ഒരുമയോടെ’ അല്‍പമെങ്കിലും ചിന്തിക്കുന്നവര്‍ അവിടെ വെച്ച് പ്രാര്‍ത്ഥന നിര്‍ത്തി ആ പള്ളിയില്‍ നിന്നിറങ്ങി നടക്കും.
Content Highlight: Nelson Joseph about Holy Mass row and recent issues at St.Mary’s church