സിനിമയ്ക്കുള്ളില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ഈ മനുഷ്യന്‍. പൂണ്ടു വിളയാടിയ റോളുകള്‍ എണ്ണിയെടുക്കാന്‍ പാടുപെടും. ചില സിനിമകളിലൊക്കെ നായകനേക്കാള്‍ ഓര്‍ത്തിരിക്കുന്നത് സലിം കുമാറിന്റെ കഥാപാത്രത്തെയായിരിക്കും.
വെറും മായിന്‍കുട്ടി വി ആയി നടന്നയാളെ പിടിച്ച് ‘മ്യായാവി’ ആക്കി ഫെയ്മസ് ആക്കിക്കൊടുത്ത സ്രാങ്ക് ആശാന്‍. മൈക്കിള്‍ ഏലിയാസ് ജാക്‌സണ്‍ ഏലിയാസ് വിക്രം ഏലിയാസ് അഫൂ…അഫൂ…അഫൂ. അങ്ങ് ദുഫായില്‍ അറബിയുടെ ഇടംകൈ ആയിരുന്ന ഇട്ട് മൂടാന്‍ പണമുള്ള, അവസാനം കള്ളവണ്ടി കയറാന്‍ പണമില്ലാതെ ബോംബെയില്‍ നിന്ന് ടാക്‌സി വിളിച്ച് കേരളത്തിലെത്തിയ മണവാളന്‍ ആന്‍ഡ് സണ്‍സ്…അങ്ങനെ നീളുന്ന ലിസ്റ്റ്.
സിനിമയ്ക്ക് പുറത്തെ സലിം കുമാറിന്റെ കാര്യം ചോദിച്ചാല്‍ പെട്ടെന്ന് ഓര്‍ക്കുന്ന രണ്ട് സംഭവങ്ങളാണുള്ളത്.
വ്യാജ വൈദ്യന്മാരെയും ചികില്‍സാ തട്ടിപ്പുകാരെയും വെട്ടിത്തുറന്ന് പറഞ്ഞ് വിമര്‍ശിക്കാന്‍ സലിം കുമാര്‍ മനസ് കാണിച്ചതാണ് ആദ്യം ഓര്‍മ വരാറുള്ളത്. ജീവിക്കാന്‍ എല്ലാവര്‍ക്കും ഉണ്ടാവുന്ന മോഹത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ തുറന്ന് സംസാരിക്കുന്നതിനിടെയാണ് അസുഖം ബാധിച്ചപ്പൊ പലതരം തട്ടിപ്പുകളിലും ചെന്ന് ചാടിയിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. നല്ല പണച്ചിലവുള്ള പരിപാടികളാണ് അവയെന്നും സലിം കുമാര്‍ പറയുന്നുണ്ട്. ഒരുപാടുപേര്‍ ചെയ്യാത്തൊരു കാര്യമാണത്.
രണ്ടാമത്തേത് മുന്‍പ് കറുത്ത വസ്ത്രമിട്ടതിന്റെ പേരില്‍ തീവ്രവാദികളെന്ന് വിളിക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി സംസാരിക്കാന്‍ കറുത്ത വസ്ത്രം ധരിച്ച് പ്രൈം ടൈം ടെലിവിഷന്‍ ചര്‍ച്ചയില്‍ വന്നതാണ്. വാസ്തവത്തിന്റെ ഒപ്പം നില്‍ക്കാന്‍, അതിപ്പൊ പൊതുസമൂഹം ഒപ്പമില്ലെങ്കില്‍പ്പോലും നില്‍ക്കാന്‍ അദ്ദേഹം കാണിക്കുന്ന ധൈര്യം. തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.
‘വ്യത്യസ്തനാമൊരു ആക്ടറാം സലിമിനെ മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു.’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nelson Joseph about actor Salim Kumar, acting and political statements