തന്റെ ഇഷ്ടം രജിനികാന്ത് ചിത്രത്തെ കുറിച്ചും ജയിലറിന്റെ ചിത്രീകരണ സമയത്തെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നെല്‍സണ്‍.
അണ്ണാമലൈ എന്ന ചിത്രമാണ് രജിനികാന്ത് ചിത്രങ്ങളില്‍ താന്‍ ആദ്യം കാണുന്നതെന്നും ബാഷയും അണ്ണാമാലൈയും പോലെ രജിനികാന്തിനെ പ്രെസന്റ് ചെയ്യാനാണ് ജയിലറില്‍ ആഗ്രഹിച്ചതെന്നും നെല്‍സണ്‍ പറയുന്നു.
ജയിലറിന്റെ വിജയത്തിന് ശേഷം സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നെല്‍സണ്‍ ദിലിപ് കുമാര്‍.
‘രജിനി സാറിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അത് പൂര്‍ണമായും അദ്ദേഹത്തിന്റെ ചിത്രം ആകണം എന്നുണ്ടായിരുന്നു. അണ്ണാമലൈയില്‍ സ്യൂട്ട് ഇട്ട് ഇരിക്കുന്ന ഷോട്ടാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട രജിനി ഷോട്ട്, എനിക്ക് എങ്ങനെ ഇഷ്ടപ്പെട്ടോ അതേ പോലെ ഒരു ചിത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്,’ നെല്‍സണ്‍ പറഞ്ഞു.
രജിനിയെ ആദ്യം കണ്ടത് കൊലമാവ് കോകില കണ്ടിട്ട് അദ്ദേഹം വിളിച്ചപ്പോഴാണെന്നും അപ്പോള്‍ ഒരിക്കലും രജിനികാന്തിനെ വെച്ച് സിനിമ ചെയ്യുമെന്ന് വിചാരിച്ചിട്ടില്ലയെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
‘കൊലമാവ് കോകില കണ്ട് സാര്‍ രജിനി സാര്‍ എന്നെ വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ പോസിറ്റീവ് എനര്‍ജി ഭയങ്കരമാണ്. ചെറിയ ചെറുക്കന് ഒരു പോസിറ്റീവ് മോട്ടിവേഷന്‍ കൊടുക്കാം എന്നാവും സാര്‍ വിചാരിച്ച് കാണും,’ നെല്‍സണ്‍ പറയുന്നു.
അതേസമയം ജയിലര്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.