ജയ്‌ലറിന്റെ കഥ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനോട് പറയാന്‍ പറഞ്ഞ് വിട്ടതും തനിക്ക് ആത്മവിശ്വാസം തന്നതും ദളപതി വിജയ് ആണെന്ന് നെല്‍സണ്‍ ദിലീപ് കുമാര്‍.
ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് ആയിരുന്നു നെല്‍സണ്‍ ദിലീപ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘ബീസ്റ്റ് സിനിമയുടെ സെറ്റില്‍ വെച്ച് ദളപതി വിജയ് സാറാണ് സൂപ്പര്‍സ്റ്റാറിനോട് ജയ്‌ലറിന്റെ കഥ പറയണം എന്ന് പറഞ്ഞത്. അദ്ദേഹം ആയിരുന്നു ആദ്യമായി എനിക്ക് ഇക്കാര്യത്തില്‍ ആത്മവിശ്വാസം തന്നത്,’ നെല്‍സണ്‍ പറഞ്ഞു.
ഇതിനോടൊപ്പം തന്നെ ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് തന്റെ സിനിമകളില്‍ ആദ്യത്തെത് ആണെന്നും ഇത് നടന്നതിന് താന്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും നെല്‍സണ്‍ തന്റെ ഓഡിയോ ലോഞ്ച് പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ന്(ജൂലൈ 28)ന് ചെന്നൈയിലാണ് ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ച് കാണാനായി 1000 പേര്‍ക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പാസുകള്‍ അനുവദിച്ചിരുന്നു. 15 സെക്കന്റ് കൊണ്ടാണ് ഈ പാസുകള്‍ വിറ്റ് പോയത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്‌ലര്‍ നിര്‍മിക്കുന്നത്. രജിനിയുടെ 169ാമത്തെ ചിത്രം കൂടിയാണ് ജയ്‌ലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയ്‌ലറുടെ വേഷത്തിലാണ് രജിനി ചിത്രത്തില്‍ എത്തുന്നത്.
സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയ്‌ലര്‍.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.
Content Highlight: Nelson Dilipkumar says that thalapathy Vijay was the first one to give him the confidence to go and narrate story of jailer to Rajinikanth during Beast shoot