| Saturday, 29th July 2023, 11:46 am

മോഹൻലാൽ സാർ ജയ്ലറിലേക്ക് വന്നത് കഥ കേട്ടിട്ടല്ല, രജിനി സാർ ഉള്ളതുകൊണ്ടാണ്: നെൽസൺ ദിലിപ് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ്ലറിൽ മോഹൻലാൽ, ജാക്കി ഷ്‌റോഫ് തുടങ്ങിയവരൊക്കെ കാമിയോ റോളിലാകും എത്തുന്നതെന്ന് സംവിധായകൻ നെൽസൺ. മോഹൻലാൽ കഥകേൾക്കാതെയാണ് ജയ്‌ലറിൽ അഭിനയിക്കാമെന്ന് പറഞ്ഞതെന്നും രജിനികാന്ത് ഉള്ളതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചതെന്നും നെൽസൺ പറഞ്ഞു.

ജാക്കി ഷ്‌റോഫിനോട് കഥ പറയാൻ ചെന്നപ്പോൾ സൂപ്പർ സ്റ്റാർ രജിനി ഉണ്ടല്ലോ കഥ പറയണ്ട എന്ന് പറഞ്ഞെന്നും നെൽസൺ പറഞ്ഞു. ജയ്ലർ ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയ്ലർ ഒരിക്കലും ഒരു മൾട്ടി സ്റ്റാർ സിനിമ അല്ല. ഇതിൽ ജാക്കി സാർ, മോഹൻലാൽ സാർ എന്നിവരെല്ലാം കാമിയോ റോളാണ് ചെയ്യുന്നത്. കഥയെപ്പറ്റി ആലോചിച്ചപ്പോൾ ഒരു ഗ്യാങ്‌സ്റ്റർ എന്ന് തോന്നിക്കുന്ന ആൾ വേണമെന്ന് തോന്നി. ജാക്കി സാറിന്റെ മുഖമാണ് ആദ്യം ഓടി വന്നത്.
ജാക്കി ഷ്‌റോഫ് സാറിനോട് കഥ പറയാൻ ചെന്നിരുന്നു. എന്തിനാണ് കഥ പറയുന്നത്, രജിനി സാർ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ ഓക്കേ ആണെന്ന് അദ്ദേഹം ഹിന്ദിയിൽ പറഞ്ഞു.

പിന്നെ മോഹൻലാൽ സാർ, അദ്ദേഹത്തോട് ഞാൻ സംസാരിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും അദ്ദേഹം എന്നെ വിളിച്ചു. എപ്പോഴാണ് ഞാൻ ഷൂട്ടിങ്ങിന് വരേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് തോന്നുന്നത് പുള്ളിയും രജിനി സാർ ഉള്ളതുകൊണ്ടാണ് വരുന്നത്, അല്ലാതെ കഥ കേട്ടിട്ടല്ല. പക്ഷെ അതുകൊണ്ടൊന്നും നമ്മൾ അവരെ മിസ് യൂസ് ചെയ്യാൻ പാടില്ല. കറക്ടായിട്ട് കാസ്റ്റ് ചെയ്യണം. അതിനുവേണ്ടി അവർക്കായി എല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.

അടുത്തതായി രമ്യ മാമിനെയാണ് (രമ്യ കൃഷ്ണൻ) കാണാൻ ചെന്നത്. ഇത് പടയപ്പ പോലൊരു പടമാണോയെന്ന് മാം ചോദിക്കല്ലേ എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ചെന്നിരുന്നപ്പോൾ തന്നെ മാം ചോദിച്ചത് അതാണ്. അപ്പോൾ ഞാൻ പറഞ്ഞു പടയപ്പ പോലെയല്ല. അതിൽ നിന്നും കുറച്ച് സോഫ്റ്റ് ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു,’നെൽസൺ പറഞ്ഞു.

നെല്‍സണ്‍ ദിലീപ്കുമാര്‍ രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജയ്‌ലര്‍. ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്ലർ നിര്‍മിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയ്ലറുടെ വേഷത്തിലാണ് രജിനി എത്തുന്നത്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജയിലറില്‍ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Content Highlights: Nelson Dilipkumar on Mohanlal, Rajnikanth and Jailer movie

We use cookies to give you the best possible experience. Learn more