തമിഴ് സിനിമയില്‍ രണ്ട് വ്യത്യസ്ത പാറ്റേണില്‍ സിനിമ ചെയ്ത് അവരുടേതായ സ്ഥാനം നേടിയെടുത്ത സംവിധായകരാണ് ലോകേഷ് കനകരാജൂം നെല്‍സണ്‍ ദിലിപ് കുമാറും.
രണ്ട് സംവിധായകരെയും വെച്ചുള്ള താരതമ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചാ വിഷയവുമാണ്. ഇപ്പോഴിതാ ഈ തരതമ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് നെല്‍സണ്‍.
ജയിലറിന്റെ റിലീസിന് ശേഷം സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ലോകേഷുമായുള്ള താരതമ്യങ്ങള്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് താനും ലോകേഷും നല്ല സുഹൃത്തുക്കള്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ലോകേഷ് ഇപ്പോള്‍ കശ്മീരില്‍ ആണ്, അല്ലെങ്കില്‍ ജയിലര്‍ കണ്ടേനെ എന്ന് കരുതുന്നു എപ്പോഴും കാണുമ്പോള്‍ സംസാരിക്കാറുണ്ട്. അനിരുദ്ധ് ആണ് ഞങ്ങള്‍ക്ക് ഇടയിലുള്ള കോമണ്‍ ഫ്രണ്ട്. ഞാന്‍ എന്റെ രീതിയില്‍ സിനിമ എടുക്കുന്നു ലോകേഷ് അവന്റെ രീതിയില്‍ സിനിമ എടുക്കുന്നു. ഇത് രണ്ടും ക്ലാഷ് ആകില്ല എന്നാണ് വിചാരിക്കുന്നത്. ഇതെല്ലാം ഒരു ആരോഗ്യകാരമായ ട്രന്‍ഡ് ആയിട്ടെ കാണുന്നുള്ളൂ,’ നെല്‍സണ്‍ പറയുന്നു.
എല്ലാ സംവിധായകരുമായി സംസാരിക്കാറുണ്ടെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നു. അനിരുദ്ധ് സിനിമയില്‍ മാത്രമല്ല പേഴ്സണല്‍ ലൈഫിലും ഭയങ്കര സപ്പോര്‍ട്ട് ആണെന്നും നെല്‍സണ്‍ പറയുന്നുണ്ട്.
അതേസമയം പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെ എല്ലാം തകിടം മറിച്ചാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്. ഇതിനോടകം കളക്ഷന്‍ റെക്കോഡുകള്‍ ചിത്രം തുരുത്തി കുറിച്ച് കഴിഞ്ഞു. ആദ്യ വാരാന്ത്യത്തില്‍ തന്നെ ചിത്രം വമ്പന്‍ കളക്ഷന്‍ നേടുമെന്ന് ഉറപ്പ്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.