| Friday, 4th September 2020, 2:54 pm

യോഗിയുടെ യു.പിയില്‍ നിന്നും 'പ്രിയങ്കയുടെ' രാജസ്ഥാനിലേക്കുള്ള കഫീല്‍ഖാന്റെ യാത്ര

ഡോ: നെല്‍സണ്‍ ജോസഫ്

ഡോ.കഫീല്‍ ഖാന്‍ ഇപ്പൊ എവിടെയാണ്? ഡോക്ടറുടെ വീട് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ്. ഡോക്ടര്‍ ജോലി ചെയ്തിരുന്നതും ഗോരഖ്പൂരിലായിരുന്നു. അതെ, മൂന്ന് വര്‍ഷം മുന്‍പ് ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന വാര്‍ത്ത വന്ന അതേ ആശുപത്രിയില്‍.

ആ സംഭവത്തെത്തുടര്‍ന്നായിരുന്നു അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ജയിലഴിക്കുള്ളില്‍ കിടന്ന് ഡോക്റ്റര്‍ എഴുതിയ കത്തുകളിലൊന്നില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.

‘പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം – 13-08-17നു വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു – ‘ അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ‘
ഞാന്‍ പറഞ്ഞു ‘ അതേ സര്‍ ‘ അദ്ദേഹം ദേഷ്യപ്പെട്ടു. ‘ അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

കാണുകയും ചെയ്തു. ആ സംഭവത്തെത്തുടര്‍ന്ന് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് ഓണ്‍ലൈനില്‍ അയാള്‍ക്കെതിരെ നടന്ന വിദ്വേഷപ്രചരണത്തെക്കുറിച്ച് ഇപ്പൊഴും ഓര്‍മിക്കുന്നു. ഒരാളുടെ റെപ്യൂട്ടേഷനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതിന്റെ ലൈവ് ഡെമോണ്‍സ്‌ട്രേഷനായിരുന്നു അത്.

മാസങ്ങള്‍ക്ക് ശേഷമാണ് അയാള്‍ ജയില്‍ മോചിതനാവുന്നത്. പിന്നെ സി.എ.എ വന്നു. കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് അയാള്‍ വീണ്ടും അറസ്റ്റിലായി. എന്‍.എസ്.എ ചുമത്തപ്പെട്ടു. വീണ്ടും ജയിലിലായി. മാസങ്ങളോളം.

കഴിഞ്ഞ ജൂലൈ 31ന് ആണ് പ്രിയങ്ക ഗാന്ധി കഫീല്‍ ഖാനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രിക്ക് കത്തെഴുതുന്നത്. ജയില്‍ മോചിതനായ ഡോക്ടറെ സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. ഇനി കഫീല്‍ ഖാന്റെ വാക്കുകള്‍ തന്നെയാവാം.

‘ പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് സംസാരിച്ചു. രാജസ്ഥാനില്‍ കഴിയാനും ഞങ്ങള്‍ സുരക്ഷിതമായ ഒരു സ്ഥലം നല്‍കാമെന്നും ഉപദേശിച്ചു.
യു.പി സര്‍ക്കാര്‍ എന്തെങ്കിലും കേസില്‍ പെടുത്താന്‍ ഇടയുണ്ടെന്നും അവിടം സുരക്ഷിതമല്ലെന്നും പറഞ്ഞു. അതുകൊണ്ട് ഞാന്‍ യു.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയാണ്.

ഭരത്പൂര്‍ മഥുരയുടെ അടുത്തായതുകൊണ്ട് ഞാന്‍ അങ്ങോട്ടേക്ക് വരാന്‍ തീരുമാനിച്ചു. പ്രിയങ്ക ഗാന്ധി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതുകൊണ്ട് എനിക്കിവിടെ സുരക്ഷിതത്വം അനുഭവപ്പെടുന്നു.

എന്റെ കുടുംബത്തിനും അങ്ങനെ തോന്നും, കാരണം കഴിഞ്ഞ ഏഴെട്ട് മാസം ഒരുപാട് മാനസികമായ അവഹേളനങ്ങളും ശാരീരിക ഉപദ്രവങ്ങളും ഞാന്‍ സഹിച്ചതാണ് ‘

ഒരിക്കല്‍ എഴുതിയിട്ടുണ്ട് യു.പി എ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിക്കാന്‍, സ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ ആര്‍ക്കും ഭയം തോന്നിയിരുന്നില്ല എന്ന്.. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സുരക്ഷിതമാണെന്ന് ഡോ.കഫീല്‍ ഖാന്‍ പറയുമ്പൊ അതാണോര്‍മവരുന്നത്… സന്തോഷം തോന്നുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോ: നെല്‍സണ്‍ ജോസഫ്

We use cookies to give you the best possible experience. Learn more