[share]
[] ന്യൂദല്‍ഹി: നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. കാരപ്പാറ എസ്റ്റേറ്റിന് കൈവശാവകാശ രേഖ നല്‍കാനാകില്ലെന്നും സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
1980ലെ വനസംരക്ഷണ നിയമം നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കാരപ്പാറ എസ്റ്റേറ്റ് കേസിലാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം.
1902ലും 1930 ലും തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാലത്ത് പാട്ടത്തിനു നല്‍കിയ തോട്ടങ്ങളാണ് നെല്ലിയാമ്പതിയിലുള്ളത്. ആ തോട്ടങ്ങള്‍ വനഭൂമിയാണെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
കാപ്പി, തേയില, ഒറഞ്ച് തോട്ടങ്ങളാണു നെല്ലിയാമ്പതിയി മേഖലയിലുള്ളത്. ഇവയൊക്കെ വനഭൂമിയുടെ പട്ടികയിലാണു വരുന്നതെന്നും ഇവ തിരിച്ചുപിടിക്കാന്‍ അനുമതി വേണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം തോട്ടങ്ങള്‍ക്കു കൈവശരേഖ നല്‍കാനാകില്ലെന്നും പാട്ടക്കരാര്‍ പുതുക്കി നല്‍കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം സര്‍ക്കാറിന്റേത് നുണവാങ്മൂലമാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. നെല്ലിയാമ്പതിയിലേത് വനഭൂമിയല്ല റവന്യൂഭൂമിയാണെന്നാണ് ജോര്‍ജ് പറയുന്നത്.
വനസംരക്ഷണ നിയമപ്രകാരം കാപ്പിത്തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നെല്ലിയാമ്പതിയിലെ ഭൂമി സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും പാട്ടകരാര്‍ ലംഘനം നടത്തിയതിന് തെളിവുണ്ടെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു.
പാട്ടകരാര്‍ ലംഘനവും വനഭൂമി കൈയ്യേറ്റവും നടത്തിയ എസ്റ്റേറ്റുകള്‍ക്ക് വനം വകുപ്പ് നോട്ടീസയച്ചിനെത്തുടര്‍ന്ന് കരാരപ്പാറ എസ്റ്റേറ്റുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 1012 ഏക്കറോളം വിസ്തൃതി വരുന്ന എസ്‌റ്റേറ്റ് വനഭൂമിയല്ലെന്നും പാട്ടകരാര്‍ലംഘനം നടത്തിയിട്ടില്ലെന്നുമാണ് എസ്റ്റേറ്റ് ഉടമകള്‍ വാദിക്കുന്നത്.