| Friday, 29th August 2014, 12:52 pm

"ഹിന്ദി" എന്ന തന്റെ പ്രയോഗത്തെ "ഹിന്ദു"വെന്ന് ദുര്‍വ്യാഖ്യാനിച്ചു; നെജ്മ ഹെപ്ത്തുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ ഉപോഗിച്ചത് “ഹിന്ദി”യെന്നാണെന്നും “ഹിന്ദു”വെന്ന് മാധ്യമങ്ങള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ നെജ്മ ഹെപ്ത്തുള്ള. ഇന്ത്യക്കാരെ “ഹിന്ദുക്കളെന്ന്” വിളിക്കണമെന്ന വിവാദ പരാമര്‍ശത്തെ തിരുത്തുകയായിരുന്നു നെജ്മ.

“ഞാന്‍ ഹിന്ദി എന്നാണ് ഉപയോഗിച്ചത്. ഹിന്ദുവെന്ന് ഉപയോഗിച്ചിട്ടേയില്ല. അറബ് ലോകത്ത് ഇന്ത്യക്കാര്‍ അറിയപ്പെടുന്നത് ഹിന്ദി എന്നാണ്.” നെജ്മ ഹെപ്ത്തുള്ള പറഞ്ഞു.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതാണ് ഹിന്ദു പരാമര്‍ശ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യക്കാരെ ഹിന്ദുവെന്ന് വിളിക്കാമെന്ന മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ തെറ്റില്ലെന്നായിരുന്നു നെജ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മോഹന്‍ ഭഗവതിന്റെ വാക്കുകളെ അവര്‍ അന്ന് അംഗീകരിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെമ്പാടും ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നെജ്മ തന്റെ നിലപാട് മാറ്റിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

“എല്ലാ ഇന്ത്യക്കാരുടെയും സാംസ്‌കാരിക സ്വത്വമെന്നു പറയുന്നത് ഹിന്ദുത്വമാണ്. ഇന്തയിലിന്ന് താമസിക്കുന്നവരെല്ലാം ആ മഹത്തായ പൈതൃകത്തിന്റെ പിന്‍തലമുറക്കാരാണ്” എന്നായിരുന്നു മോഹന്‍ ഭഗവത് പറഞ്ഞിരുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് ഹെപ്ത്തുള്ള നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവനയോട് അതുവരെ തുടര്‍ന്നുവന്ന മൗനം ഭേദിച്ചുകൊണ്ട് ഇന്ത്യക്കാരെല്ലാം “ഹിന്ദു”ക്കളാണെന്ന ആശയം രൂപപ്പെടുന്നത് ചരിത്രത്തില്‍ നിന്നാണ് എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

“ഹിന്ദുക്കുഷ് പര്‍വ്വതനിരകള്‍ക്കപ്പുറത്തും സിന്ദുനദിയുടെ ഇപ്പുറവുമുള്ള എന്തും ഹിന്ദ് ആണ്. പേര്‍ഷ്യന്‍ ഭാഷയില്‍ ഹിന്ദുസ്ഥാനി എന്ന് വിളിക്കപ്പെടുന്നു. ഇന്ത്യന്‍ ജനത താമസിക്കുന്ന സ്ഥലമാണിത്. ഈ ഭൂമിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ദേശീയ സ്വത്വമാണ് വാസ്തവത്തില്‍ ഹിന്ദുവെന്നത്. ഞാനിതിനെ യുക്തിസഹമായി കാണുന്നു. ആര്‍ക്കും ചരിത്രം വിസ്മരിക്കാനാവില്ല.” അവര്‍ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.

ഇത് നജ്മയുടെ ആദ്യത്തെ വിവാദ പ്രസ്താവമല്ല. ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ന്യൂനപക്ഷങ്ങളല്ല എന്നും അതേസമയം പാഴ്‌സികളാണ് ഇന്ത്യയിലെ യഥാര്‍ത്ഥ ന്യൂനപക്ഷമെന്നും അവര്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.

മോഹന്‍ ഭഗവതിന്റെയും നെജ്മ ഹെപ്ത്തുള്ളയുടെയും പ്രസ്താവനകള്‍ വന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയായിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ ന്യായീകരിക്കുകയായിരുന്നു.

[]വെങ്കയ്യ നായിഡു ചോദിക്കുന്നത്; “”ഹിന്ദുവെന്നത് ഒരു മതമാണെങ്കില്‍ എന്തിനാണ് ഹിന്ദുവെന്ന ഒരു പത്രം? ഹിന്ദിസ്ഥാന്‍ ന്യൂസ് ടൈസ്? അക്ബര്‍ ഹിന്ദുസ്ഥാന്‍? ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്.എം.ടി)? പിന്നെന്തിന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്? ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ്? ഇത്തരത്തിലുള്ള 125 ഉദാഹരണങ്ങള്‍ ഞാന്‍ തരാം”

എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ ഈ വിശദീകരണത്തിനെതിരെ പ്രശസ്ത പത്രപ്രവര്‍ത്തകനായ അജാസ് അഷറഫ് ഇങ്ങനെ ചോദിക്കുന്നു; “ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം അനുഛേദത്തില്‍ “ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു ഐക്യമാണ്” എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലൊരിടത്തും എന്തുകൊണ്ടാണ് ഹിന്ദുസ്ഥാന്‍ എന്ന് അടയാളപ്പെടുത്താതിരുന്നത്? മതത്തെയും സംസ്‌കാരത്തെയും രണ്ട് വിഭിന്ന മണ്ഡലങ്ങളില്‍ നിര്‍ത്തുന്നത് വാസ്തവത്തില്‍ മൂഢത്വമല്ലേ?”

നെജ്മ ഹെപ്ത്തുള്ളയുടെ പ്രസ്താവനയും വിമര്‍ശനങ്ങള്‍ എറ്റുവാങ്ങിയിരുന്നു. ഹെപ്ത്തുള്ള ഇന്ത്യന്‍ ഭരണഘടന വായിക്കുന്നത് നന്നായിരിക്കുമെന്നും ഇന്ത്യയുടെ പൗരന്‍മാരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവായ തിവാരി പ്രതികരിച്ചിരുന്നത്.

നെജ്മാ ഹെപ്ത്തുള്ളയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായതാണ് എന്നാണ് എന്‍.സി.പി. നേതാവ് താരീഖ് അന്‍വറിന്റെ നിലപാട്.

We use cookies to give you the best possible experience. Learn more