ദീർഘ നാളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു റിഷഭ് പന്ത്. ടെസ്റ്റിൽ ഒഴികേ മറ്റൊരു ഫോർമാറ്റിലും ഒരുപാട് നാളായി മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിലും താരം ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
എന്നാൽ അടുത്തിടെ നടന്ന ഒരു കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പന്ത് ഇപ്പോൾ പരിക്ക് ഭേദമായി തിരിച്ചു വരവിന്റെ പാതയിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അടുത്തതായി ഓസ്ട്രേലിയക്കെതിരെ ചതുർദിന പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിച്ചാൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെതിരെ ഫൈനൽ കളിക്കാൻ സാധിക്കും.
എന്നാൽ പാറ്റ് കമ്മിൻസ് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ ഫൈനൽ കളിക്കണമെങ്കിലും ടൈറ്റിൽ സ്വന്തമാക്കണമെങ്കിലും ഇന്ത്യൻ ടീമിന് റിഷഭ് പന്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് ഓസ്ട്രേലിയൻ ഇതിഹാസ താരമായ ഇയാൻ ചാപ്പൽ പറഞ്ഞത്.
ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയോടാണ് ചാപ്പൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
“പന്തിന്റെ അഭാവം ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. പന്തിന് പകരക്കാരനാകാൻ മറ്റൊരു താരത്തിനും സാധിക്കില്ല. കാരണം ബോളർമാരെ നന്നായി അക്രമിക്കാനുള്ള പന്തിന്റെ കഴിവ് അപാരമാണ്. കൂടാതെ ബോളർമാർക്കെതിരെ ആധിപത്യം സ്ഥാപിക്കാനും അദ്ദേഹം സമർത്ഥനാണ്. ഇന്ത്യ ടോപ്പ് ഓർഡറിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം,’ ചാപ്പൽ പറഞ്ഞു.
“രോഹിത് ശർമക്കും, വിരാടിനും, പൂജാരക്കുമൊക്കെ നതാൻ ലിയോണിനെപ്പോലുള്ള ബോളർമാർക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ കഴിയും. പക്ഷെ പന്തിനെപ്പോലെ തുടർച്ചയായി അത് ചെയ്യാൻ സാധിക്കണമെന്നില്ല. അതിനാൽ തന്നെ പന്തിന് ഇവർ പകരക്കാരല്ല,’ ചാപ്പൽ പറഞ്ഞു.
റിഷഭ് പന്തിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ, കെ.എസ് ഭരത് എന്നിവരാണ് ടീമിൽ സ്ഥാനം പിടിക്കാൻ സാധ്യത.
അതേസമയം ന്യൂസിലാൻഡ്സിനെതിരെയുള്ള രണ്ടാം ടി-20 മത്സരത്തിൽ വിജയത്തിലേക്കടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് സ്വന്തമാക്കിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 41 റൺസെടുത്ത് ബാറ്റിങ് തുടരുകയാണ്.
Content Highlights:Neither Virat nor Rohit can replace Pant; said Ian Chappell