സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ പ്രോട്ടിയാസ് ടീം പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകരില്‍ പലരും മുഖം ചുളിച്ചിരുന്നു. ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഒട്ടും പരിചിതമല്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തിയ സ്‌ക്വാഡുമായാണ് പ്രോട്ടിയാസ് ന്യൂസിലാന്‍ഡിലേക്ക് വിമാനം കയറിയത്.
ഈ ടീമിനെ വെച്ച് ഇവര്‍ എന്ത് കാണിക്കാനാണ് എന്ന് ചോദിച്ചവരും കുറവല്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ ക്രിക്കറ്റ് ലോകത്ത് തന്നെ സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ നീല്‍ ബ്രാന്‍ഡ്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രാന്‍ഡ് ആറ് വിക്കറ്റ് വീഴ്ത്തിയാണ് ആരാധകരുടെ മനസില്‍ ഇടം പിടിച്ചത്. 26 ഓവര്‍ പന്തെറിഞ്ഞ് 119 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ക്യാപ്റ്റന്‍ ടിം സൗത്തി എന്നിവരെയാണ് ബ്രാന്‍ഡ് മടക്കിയത്. അന്താരാഷ്ട്ര കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ ഫൈഫര്‍ നേടുന്ന താരം എന്ന നേട്ടവും ഇതോടെ ബ്രാന്‍ഡ് തന്റെ പേരില്‍ കുറിച്ചു.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും നീല്‍ ബ്രാന്‍ഡ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടവുമാണ് ബ്രാന്‍ഡ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം
(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
നീല്‍ ബ്രാന്‍ഡ് – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 6/119 – 2024
നൈമുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – ഇന്ത്യ – 6/132 – 2000
സര്‍ ചാള്‍സ് ഓബ്രി സ്മിത് – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 5/19 – 1889
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 51 മത്സരം കളിച്ചതിന്റെ പരിചയസമ്പത്തുമായാണ് ഈ ഓള്‍ റൗണ്ടര്‍ ബ്രാന്‍ഡ് സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.
84 ഇന്നിങ്‌സില്‍ 39.27 ശരാശരിയില്‍ 2,906 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്ത ബ്രാന്‍ഡിന്റെ ഉയര്‍ന്ന സ്‌കോര്‍ 159 ആണ്.
ബൗളിങ്ങില്‍ 72 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് ബ്രാന്‍ഡ് സ്വന്തമാക്കിയത്. രണ്ട് ഫോര്‍ഫര്‍ ഉള്‍പ്പെടെയാണ് ആഭ്യന്തര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരം പന്തെറിയുന്നത്.
അതേസമയം, കിവികള്‍ക്കെതിരായ മത്സരത്തില്‍ ബ്രാന്‍ഡിന് പുറമെ റുവാന്‍ ഡി സ്വാര്‍ഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഡെയ്ന്‍ പീറ്റേഴ്‌സണ്‍, ഷെപ്പോ മൊറേക്കി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 511 പിന്തുയര്‍ന്നിറങ്ങിയ പ്രോട്ടിയാസ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 80ന് നാല് എന്ന നിലയിലാണ്.
Content highlight: Neil Brand’s brilliant performance against New Zealand