പാമ്പാടി നെഹ്‌റു കോളെജില്‍ താടിവെച്ചതിന് പത്ത് കുട്ടികളെ പുറത്താക്കി; ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചതില്‍ പ്രതികാരമെന്ന് വിദ്യാര്‍ത്ഥികള്‍
Kerala
പാമ്പാടി നെഹ്‌റു കോളെജില്‍ താടിവെച്ചതിന് പത്ത് കുട്ടികളെ പുറത്താക്കി; ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചതില്‍ പ്രതികാരമെന്ന് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2017, 8:30 pm

 

തൃശ്ശൂര്‍: കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി താടി വളര്‍ത്തിയതിന് പാമ്പാടി നെഹ്‌റു കോളെജിലെ പത്ത് കുട്ടികളെ പുറത്താക്കി. ബി.ഫം നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബദ്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയ ഫാര്‍മസി വിദ്യാര്‍ത്ഥികളോടുള്ള പ്രതികാര നടപടിയാണിതെന്ന് ഇതിനോടകം അരോപണം ഉയര്‍ന്നിട്ടുണ്ട്.

മുമ്പ് കോളെജില്‍ വിദ്യാര്‍ത്ഥികള്‍ താടി വളര്‍ത്തുന്നതിനും വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പിന്നീട് ജിഷ്ണുവിന്റെ ദുരൂഹ മരണത്തിന് പിന്നാലെ ഉയര്‍ന്ന സമരങ്ങളെ തുടര്‍ന്ന് ഇത്തരം അവകാശ ലംഘനങ്ങള്‍ കോളേജില്‍ അനുവദിക്കില്ലെന്ന് രേഖപ്രകാരം കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.


Dont miss it ജീവിച്ചിരിക്കുന്ന ‘വിനായകന്മാരെ’ ഒന്നിച്ചിരിക്കാന്‍ ഊരാളികള്‍ ശനിയാഴ്ച തൃശ്ശൂരിലേക്ക് വിളിക്കുന്നു


എന്നാല്‍ ഈ ഉറപ്പിനെ കാറ്റില്‍ പറത്തുന്നതാണ് കോളെജ് മാനേജ്‌മെന്റിന്റെ നടപടി. പ്രിന്‍സിപ്പാളിന്റെയും അധ്യാപികമാരായ ജയശ്രീയുടെയും അനുഷയുടെയും നേതൃത്വത്തിലാണ് പ്രതികാര നടപടികളെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ജിഷ്ണു സമരത്തിനു നേത്യത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ ചേലക്കര പൊലീസ് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

താടി വളര്‍ത്തുക, ചെരുപ്പിടുക, മുടി നീട്ടി വളര്‍ത്തുക, ടാഗ് മറന്ന് പോവുക, വൈകിക്ലാസില്‍ എത്തുക, പിറന്നാള്‍ കേക്ക് മുറിക്കുക തുടങ്ങിയവയ്ക്കെല്ലാം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫൈന്‍ ഈടാക്കുന്നുണ്ട് മുമ്പ് ഇത് ചോദ്യം ചെയ്യുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെയും ഇന്റേണല്‍ മാര്‍ക്ക് നല്‍കാതേയുമാണ് പീഡിപ്പിച്ചിരുന്നത്. ഇപ്പോഴും ഇത് തുടരുകയാണ്.