| Wednesday, 1st July 2015, 1:33 pm

നെഹ്‌റുവിന്റെ വിക്കിപീഡിയ പേജ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം തെറ്റായി തിരുത്തിയെഴുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വിക്കിപീഡിയ പേജ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) തെറ്റായി തിരുത്തിയെഴുതിയെന്ന് ആരോപണം. ജൂണ്‍ 26നാണ് പേജില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയത്.

നെഹ്‌റുവിന്റെ വിക്കിപീഡിയ പേജ് സര്‍ക്കാര്‍ സ്ഥാപനം തന്നെ തിരുത്തിയത് ഗുരുതരമാണെന്നും സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും സര്‍ക്കാര്‍ തല അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജെവാലെ ആവശ്യപ്പെട്ടു.

നെഹ്‌റുവിന്റെ മുത്തച്ഛന്‍ ഗിയാസുദ്ദീന്‍ ഗാസി എന്ന പേരിലുള്ള മുസ്‌ലിമായിരുന്നു എന്നാല്‍ ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഗംഗാധര്‍ എന്നാക്കി മാറ്റുകയായിരുന്നെന്നുമാണ് പേജില്‍ തിരുത്തിയെഴുതിയത്. ഇത് കൂടാതെ ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണിന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റണുമായി നെഹ്‌റുവിന് പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും പേജില്‍ എഴുതിച്ചേര്‍ത്തിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ഐ.സിയുടെ ഐ.പി അഡ്രസില്‍ നിന്നാണ് തിരുത്തല്‍ നടന്നതെന്ന് വ്യക്തമായതോടെയാണ്. നെഹ്‌റുവിന്റെ പേജ് തിരുത്തിയ അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു, മകന്‍ സഞ്ജയ് ഗാന്ധി എന്നിവരുടെ വിക്കിപീഡിയ പേജും തിരുത്തപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയില്‍ ആരംഭിച്ച എന്‍.ഡി.എ സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

We use cookies to give you the best possible experience. Learn more