ആലപ്പുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10നു നടത്തും. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ടൂറിസം മേഖലയെ ഉണര്‍ത്താനാണ് വള്ളംകളി നടത്താന്‍ തീരുമാനിച്ചതെന്നും കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
“പ്രളയത്തിന്റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ഇനിയും മാസങ്ങള്‍ വേണം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്”. ഐസക്ക് പറഞ്ഞു.
ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക. രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതു അഭിപ്രായത്തെ തുടര്‍ന്നാണ് നവംബര്‍ 10-ാം തിയതിയാക്കിയത്.
സര്‍ക്കാരില്‍ നിന്നു പുതുതായി ഒരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ തദ്ദേശീയമായി പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക.