പ്രളയത്തിനും തകര്‍ക്കാനായില്ല; പുന്നമടക്കായലില്‍ കിരീടനേട്ടത്തോടെ പായിപ്പാടന്റെ തിരിച്ചുവരവ്
Nehru Trophy vallam kali
പ്രളയത്തിനും തകര്‍ക്കാനായില്ല; പുന്നമടക്കായലില്‍ കിരീടനേട്ടത്തോടെ പായിപ്പാടന്റെ തിരിച്ചുവരവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th November 2018, 6:20 pm

ആലപ്പുഴ: 66-മാത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന് കിരീടം. ഇത് നാലാം തവണയാണ് പായിപ്പാടന്‍ നെഹ്‌റു ട്രോഫി സ്വന്തമാക്കുന്നത്.

ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍, ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.

മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തിയപ്പോള്‍ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്‍.നായര്‍), ചമ്പക്കുളം (എന്‍.സി.ഡി.സി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയമ്പള്ളിയില്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

ALSO READ: ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല വിനീത്; സി.കെ വിനീതിന് പിന്തുണയുമായി അനസ് എടത്തൊടിക

നേരത്തെ, ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരാട്ടം കണ്ട ഹീറ്റ്‌സിനൊടുവില്‍ നിലവിലെ ചാംപ്യന്‍മാരായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ കാരിച്ചാലും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. യഥാക്രമം ഒന്ന്, നാല് ഹീറ്റ്‌സുകളില്‍ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തില്‍ പിന്നിലായതാണ് ഇവര്‍ക്കു തിരിച്ചടിയായത്.

ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്കു ശേഷമാണ് പായിപ്പാടന്‍ വീണ്ടും ജലരാജാവായി തിരിച്ചെത്തുന്നത്. 2005, 2006, 2007 വര്‍ഷങ്ങളിലായി ഹാട്രിക് പൂര്‍ത്തിയാക്കിയശേഷം പിന്നാക്കം പോയ പായിപ്പാടന്റെ തിരിച്ചുവരവു കൂടിയാണിത്.

പ്രളയത്തിന് ശേഷം മൂന്ന് മാസത്തെ ഇടവേളയെടുത്താണ് ജലോത്സവം നടന്നത്.

ചിത്രം കടപ്പാട് -മനോരമഓണ്‍ലൈന്‍

WATCH THIS VIDEO: