| Friday, 14th September 2018, 11:11 am

കുംഭമേളയ്ക്കായി നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹാബാദ്: കുംഭമേളയ്ക്ക് നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി അലഹബാദിലെ ബല്‍സാര്‍ ചൗരിയിലെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയുടെ ഭാഗമായിട്ടാണ് യുപി സര്‍ക്കാരിന്റെ ഈ മോടിപിടിപ്പിക്കല്‍.

പ്രതിമ നീക്കം ചെയ്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.

പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രെയിന്‍ വാഹനത്തിനു നേരേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.


ALSO READ: കോണ്‍ഗ്രസ് ഐ.സി.യുവില്‍, ജീവന്‍ രക്ഷിക്കാന്‍ മറ്റ് പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയാണ്: നരേന്ദ്രമോദി


അതേസമയം നെഹ്‌റുവിന്റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആര്‍.എസ്.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

യുപി സര്‍ക്കാരിന്റെ ഈ നടപടിയ്‌ക്കെതിരെ സമാജ് വാദി പ്രവര്‍ത്തകരും പ്രതിഷേധവുമായി മുന്നോട്ടെത്തിയിട്ടുണ്ട്.

നെഹ്‌റുവിന്റെ പ്രതിമ റോഡിന് നടുക്കായിരുന്നുവെന്നും അതുകൊണ്ട് അടുത്തുള്ള പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുകയാണെന്നുമാണ് അധികൃതര്‍ പറഞ്ഞത്.

അതേസമയം ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിന് മറുപടിനല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

We use cookies to give you the best possible experience. Learn more