ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ നിലവിലുള്ള പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഗൗരവ് യാത്ര’ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അയോധ്യ രാമക്ഷേത്രം പണിയുന്നതിന് പാര്‍ട്ടി എതിരായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുകയാണെന്നും ഷാ പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370 കൊണ്ടുവരാനുള്ള പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ അശ്രദ്ധ നിറഞ്ഞ തീരുമാനമാണ് കശ്മീര്‍ ഇത്രയധികം പ്രയാസമനുഭവിക്കാന്‍ കാരണം. രാജ്യത്തിന് വേണ്ട വിധത്തില്‍ ആ നിയമത്തെ കൊണ്ടുവരാന്‍ നെഹ്‌റുവിന് സാധിച്ചില്ല.
എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണം എന്നുതന്നെയായിരുന്നു ആവശ്യം.
മോദി അത് ഒറ്റയടിക്ക് പിന്‍വലിച്ചു. കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി,’ അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ ഗുജറാത്തില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെ നെഹ്‌റുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബി.ജെ.പിയെ നിരന്തരം പരിഹസിച്ചിരുന്നതായും അമിത് ഷാ ചടങ്ങില്‍ പറഞ്ഞു.
‘ബി.ജെ.പി ക്ഷേത്രങ്ങള്‍ നിര്‍മിക്കും പക്ഷേ ‘എന്ന്’ എന്നതില്‍ ഉറപ്പൊന്നും അവര്‍ പറയില്ല എന്നായിരുന്നു കോണ്‍ഗ്രസ് നിരന്തരം ബി.ജെ.പിയെ കുറിച്ച് പറഞ്ഞിരുന്നത്. പക്ഷേ കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് നേര്‍ വിപരീതമായിരുന്നു ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രം നിര്‍മിക്കുന്ന തീയതിയും പ്രഖ്യാപിച്ചു, തറക്കല്ലുമിട്ടു,’ അമിത് ഷാ പറഞ്ഞു.
പണ്ട് ഗുജറാത്തില്‍ 365 ദിവസത്തില്‍ 200 ദിവസവും കര്‍ഫ്യൂ ആയിരുന്നുവെന്നും എന്നാല്‍ മോദി അധികാരത്തിലെത്തിയ ശേഷം അതെല്ലാം മാറിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ പരസ്പരം പോരടിച്ചാല്‍ ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് വിചാരിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് ആ സ്ഥിതിയെല്ലാം മാറിയെന്നും ഷാ പറഞ്ഞു.
ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ഗുജറാത്തില്‍ പാര്‍ട്ടി നയിക്കുന്ന യാത്രകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.
144 മണ്ഡലങ്ങളില്‍ എട്ട് മുതല്‍ ഒമ്പത് ദിവസങ്ങളിലായാണ് യാത്ര നടക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. അതേസമയം ഗുജറാത്ത് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ തീയതി വെള്ളിയാഴ്ച മൂന്ന് മണിയോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Nehru is the reason for the atrocities kashmir faces now, modi is the rescuer of kashmir says amit shah