ഭോപാല്‍: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ഇന്ത്യന്‍ സൈന്യത്തെ കെട്ടിപ്പടുക്കുന്ന സമയത്ത് മോദിക്ക് പാന്റ്‌സ് ധരിക്കാന്‍ പോലും അറിയില്ലായിരുന്നെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ഇന്ത്യന്‍ സൈന്യത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന നരേന്ദ്ര മോദിയുടെ നടപടി വിമര്‍ശിച്ച് ഹര്‍സൂദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി, നിങ്ങള്‍ പൈജാമയും പാന്റ്‌സും ധരിക്കാന്‍ പഠിക്കുന്നതിന് മുമ്പ് നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും വ്യോമസേനയേയും, നാവിക സേനയേയും, കരസേനയേയും സൃഷ്ടിച്ചിട്ടുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു രാജ്യം നിങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമാണെന്ന്’- കമല്‍ നാഥ് പറഞ്ഞു.
കമല്‍ നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ് കമല്‍ നാഥിന്റെ വിമര്‍ശനം. കമല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കറിന്റെ ഇന്ദോറിലെ വീട്ടിലും ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ദല്‍ഹിയിലെ വീട്ടിലുമായിരുന്നു റെയ്ഡ് നടന്നത്.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് രാജ്യത്ത് ഏറ്റവുമധികം തീവ്രവാദ ആക്രമണങ്ങള്‍ നടക്കുന്നതെന്നും കമല്‍ നാഥ് ആരോപിച്ചു. ‘മോദി രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചു സംസാരിക്കുന്നു. ആരുടെ ഭരണത്തിന് കീഴിലാണ് രാജ്യത്ത് ഏറ്റവുമധികം തീവ്രവാദ ആക്രമണങ്ങള്‍ നടന്നത്? ദല്‍ഹിയില്‍ പാര്‍ലമെന്റ് ആക്രമണം നടന്നപ്പോള്‍ ആരായിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. ബി.ജെ.പി സര്‍ക്കാറായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ബി.ജെ.പി ഭരണത്തിലിരുന്നപ്പോഴാണ് രാജ്യത്ത് ഏറ്റവുമധികം തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നുണ്ട്’- കമല്‍ നാഥ് പറയുന്നു.
ബാലാക്കോട്ട് ആക്രമണത്തിന്റേയും സൈന്യത്തിന്റേയും പേര് പറഞ്ഞ് വ്യാപകമായ പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടെന്നും, വിദേശത്ത് നിന്ന് കള്ളപ്പണം കൊണ്ടു വരുമെന്ന വാഗ്ദാനവും പാലിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി.
Image Credits: Indian Express