| Friday, 19th May 2017, 11:24 am

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്ക; അഞ്ചു കോടിയുടെ വമ്പന്‍ ഓഫറുമായി നെഹ്‌റു ഗ്രൂപ്പിന്റെ പരസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട നെഹ്‌റു ഗ്രൂപ്പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വന്‍ ഓഫറുമായി രംഗത്ത്.

5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്നാണ് നെഹ്‌റു ഗ്രൂപ്പിന്റെ വാഗ്ദാനം. ഇത് വ്യക്തമാക്കിക്കൊണ്ട് മലയാള മനോരമ പത്രത്തിന്റെ മുന്‍പേജില്‍ നെഹ്‌റു ഗ്രൂപ്പിന്റെ പരസ്യവും പ്രത്യക്ഷപ്പെട്ടു.

അതേസമയം അടുത്ത അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയിലാണ് ഇത്രയും വലിയ ഓഫറുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തെത്തിയതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.


Dont Miss ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; മഞ്ജു വാര്യര്‍ പൊലീസില്‍ പരാതി നല്‍കി 


നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നെഹ്റു ഗ്രൂപ്പിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികെയാണ് പുതിയ തന്ത്രവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്.

വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് വമ്പന്‍ ഓഫറുകള്‍ നെഹ്‌റു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്.

കേരള എന്‍ട്രന്‍സില്‍ 5000 റാങ്ക് വരെയുള്ളവര്‍ ട്യൂഷന്‍ ഫീസായി 5000 രൂപ നല്‍കിയാല്‍ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കും എന്നിങ്ങനെയുള്ള ഓഫറാണ് നെഹ്‌റു ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്.

അതേസമയം നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ അച്ചടക്കത്തിന്റെ പേരില്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണം.


Dont Miss ‘സൂചികൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ട് എടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും’ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.കെ നായനാരുടെ മകന്‍


കോളേജില്‍ ഇടിമുറിയുണ്ടെന്നും അനുസരണക്കേട് കാണിക്കുന്നവരെ ഇവിടെ മര്‍ദ്ദിക്കാറുണ്ടെന്നും ജിഷ്ണുവിന്റെ മരണശേഷം വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണം ഒരിക്കലും ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊലപ്പെടുത്തിയാണെന്നും കേസ് അട്ടിമറിച്ചതാണെന്നും ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നുണ്ട്.

സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പോലീസിന്റെ വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.

We use cookies to give you the best possible experience. Learn more