ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങ്ങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തെറ്റെന്ന് പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബ്.
നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. നെഹ്‌റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇരുവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറയുന്നു.
ഭഗത് സിങ്ങിനെ കുറിച്ച് പുസ്തകം തയ്യാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്‍ഫാന്‍ ഹബീബ് (To Make the Deaf Hear Ideology and Programme of Bhagat Singh and His Comradse) രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് പോയി പുസ്തകം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വാക്കുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി ചരിത്രം വളച്ചൊടിക്കുന്നത്.
സൈനിക മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പ്രതിരോധ മന്ത്രി വികെ കൃഷണമേനോനും അപമാനിച്ചെന്നായിരുന്നു മോദിയുടെ ആദ്യ പരാമര്‍ശം.
എന്നാല്‍, 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ വസ്തുത അറിയാതെയാണ് മോദി എഴുതിക്കൊടുത്ത പ്രസംഗം വായിച്ചുകുടുങ്ങിയത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.1947മുതല്‍ 1952 വരെ യു.കെയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം.1957 മുതല്‍ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധ മന്ത്രി.