| Thursday, 20th December 2018, 3:19 pm

പ്രാക്ടിക്കലിൽ പ്രതികാരം; ജിഷ്ണു പ്രണോയ്ക്ക് വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ച് നെഹ്‌റു കോളേജ്

ഹരികൃഷ്ണ ബി

തൃശൂർ: പാമ്പാടി നെഹ്‌റു കോളേജിൽ വെച്ച് മരണപ്പെട്ട ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നത്തിനു വേണ്ടി സമരം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായി ആരോപണം. പ്രാക്ടിക്കൽ പരീക്ഷയിൽ വിദ്യാർത്ഥികളുടെ മാർക്കുകൾ വെട്ടിച്ചുരുക്കിയാണ് കോളേജ് അധികൃതർ പ്രതികാരം ചെയ്യുന്നത്. ഫാം ഡി കോഴ്സിനു പഠിക്കുന്ന അതുൽ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരോടാണ് കോളേജ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മൂവരും ജിഷ്ണുവിന് വേണ്ടി കോളേജിന് എതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്.

 

കോളേജ് മാനേജ്മെന്റും ചില അധ്യാപകരുമാണ് ഇത്തരത്തിൽ ഇവരുടെ മുന്നോട്ടുള്ള ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുന്നത് എന്നാണു അറിയാൻ കഴിയുന്നത്. അഞ്ച് വർഷം നീളുന്ന ക്ലാസ്സുകളും ഒരു വർഷം സമയം വേണ്ട ഇന്റേൺഷിപ്പും കൂട്ടി മൊത്തം 6 വർഷമാണ് ഇവരുടെ കോഴ്സ് പൂർത്തിയാക്കാൻ വേണ്ടത്. എന്നാൽ ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷയിൽ തോറ്റതിനാൽ ഇനിയിവർക്ക് 9 വർഷം കഴിഞ്ഞാണ് കോഴ്സ് പൂർത്തിയാക്കാനാവുക.

2013ലാണ് ഇവർ പഠനം ആരംഭിക്കുന്നത്. 31 പേർ പ്രാക്ടിക്കൽ പരീക്ഷക്ക് പങ്കെടുത്തിരുന്നുവെങ്കിലും ഇവർ മൂന്ന് പേരും മാത്രമാണ് പരീക്ഷയിൽ തോറ്റതായി കാണുന്നത്. ആദ്യത്തെ തവണ ഇവർ പരീക്ഷയെഴുതി തോറ്റു. രണ്ടാമത്തെ തവണയും ഇത് ആവർത്തിച്ചപ്പോഴാണ് തങ്ങൾക്ക് നേരെ മനഃപൂർവം മാനേജ്‌മെന്റ് നടത്തുന്ന നീക്കമാണോ ഇതെന്ന് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് അതുൽ ജോസ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി പരിശോധിച്ചപ്പോൾ മാർക്ക് നിർണ്ണയത്തിൽ ക്രമക്കേട് കണ്ടെത്തി. സർവകലാശാല രജിസ്ട്രാർക്കും സെനറ്റിനും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

ഇവരുടെ മാർക്ക് ലിസ്റ്റിൽ വിഷയത്തെ കുറിച്ചുള്ള അറിവ് രേഖപെടുത്തുന്ന കോളത്തിൽ “വെരി പുവർ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ അനാലിസിസിൽ 15ഉം 9തും ആയിരുന്ന അതുലിന്റെ മാർക്ക് 13ഉം 6ഉം ആയി വെട്ടിതിരുത്തിയതിന്റെ വ്യക്തമായ തെളിവ് ഇവർക്ക് ലഭിച്ചു.

Also Read വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

“ഞങ്ങടെ പ്രാക്ടിക്കൽ മാർക്കാണ് അവർ തിരുത്തിയത്. അതിൽ വെട്ടിതിരുത്തിയത് വ്യക്തമായി കാണിക്കുന്നുണ്ട്. ജയിച്ച കുട്ടി തോറ്റതായും അതിൽ കാണിക്കുന്നുണ്ട്. സബ്ജക്‌ട് നോളജിന്റെ ഭാഗത്തു, രണ്ടു പ്രാവശ്യം തിയറി പാസായ ഞങ്ങൾക്ക് “വെരി പുവർ” എന്നാണ് അവർ റിവ്യൂ തന്നത്. ഒട്ടും ചേരാത്ത കാര്യങ്ങളാണ് അവർ എഴുതി ചേർത്തത്. നമ്മളെ തോൽപ്പിക്കുമെന്ന് പ്രിൻസിപ്പൾ നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു. അതിനു ദൃക്സാക്ഷികളുമുണ്ട്.” അതുൽ ജോസ് ഡൂൾ ന്യൂസിനോട് പറഞ്ഞു.

വസീം ഷായുടെ ഫാർമക്കോളജിയിലുള്ള മാർക്ക് 33ൽ നിന്നും 29ആയും തിരുത്തിയിട്ടുണ്ട്. മുഹമ്മദ് ആഷിക്കിന്റെ മാർക്കിന്റെ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കോളേജ് ചെയർമാൻ പി.കൃഷ്ണദാസ്, പ്രിൻസിപ്പൾ ശ്രീധരൻ, അധ്യാപകരായ അനൂപ് സെബാസ്റ്റ്യൻ, സുധാകർ, എന്നിവർ ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

“ജിഷ്ണുവിന്റെ മരണത്തിനും പിന്നീടുണ്ടായ പ്രതിഷേധങ്ങൾക്കും ശേഷം കുട്ടികൾക്കെതിരായ പ്രതികാര നടപടികളും മറ്റും മാനേജ്‌മന്റ് നടത്തുന്നുണ്ട്. അധികം താമസിയാതെ ഇതൊക്കെ അവസാനിക്കും എന്നാണു അവർ കരുതിയത്. അതിനു ശേഷം രണ്ടു കുട്ടികൾ അവിടെ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സംഭവത്തിൽ തുടർന്നുണ്ടായ ഇരകളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന പരാതി എനിക്കുണ്ട്. അതങ്ങനെയല്ല വേണ്ടത്” ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്ത് ഡൂൾ ന്യൂസിനോട് പറഞ്ഞു.

Also Read പെരുന്ന എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐയുടെ വനിതാ മതിലിനിനെതിരെ ചാണകവെള്ളവുമായി എ.ബി.വി.പി

ഇതുമായി ബന്ധപെട്ട് ഡൂൾന്യൂസ് നെഹ്‌റു ഫാർമസി കോളേജ് പ്രിൻസിപ്പൾ ശ്രീധരനുമായി ബന്ധപെട്ടു. മാർക്ക് തിരുത്തിയതുമായി ബന്ധപെട്ടു തനിക്ക് ഒന്നും അറിയില്ലെന്നും, കേരള യൂണിവേഴ്സിറ്റിയാണ് മാർക്ക് ലിസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതെന്നും, കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടുകയാണ് വേണ്ടതെന്നും പ്രിൻസിപ്പളിന്റെ മറുപടി.

ഹരികൃഷ്ണ ബി

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more