| Wednesday, 4th May 2022, 4:48 pm

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകം: ഡബ്ല്യു.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവര്‍ത്തിച്ച് ഡബ്ല്യു.സി.സി.സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

ചര്‍ച്ചയില്‍ ഒരു തീരുമാനവും ആയില്ല. വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രഹസ്യാത്മകതനിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി . ആവശ്യപ്പെടുന്നത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നാണ് മന്ത്രി സജി ചെറിയാന്‍ ചോദിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ തുടര്‍ചര്‍ച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യു.സി.സി നിലപാട്.

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി സാംസ്‌കാരിക മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യു.സി.സി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുത്തിരുന്നു.

Content Highlights: Negotiations with the government are disappointing: the WCC

We use cookies to give you the best possible experience. Learn more