അവഗണനകള്‍ അവസാനിക്കുന്നില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാഫിന് ടീം ലീഡറുടെ മര്‍ദ്ദനം
Transgender Issues
അവഗണനകള്‍ അവസാനിക്കുന്നില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാഫിന് ടീം ലീഡറുടെ മര്‍ദ്ദനം
അളക എസ്. യമുന
Saturday, 2nd May 2020, 1:09 pm

കൊച്ചി: ജോലിക്ക് വൈകിയെത്തിയെന്ന് പറഞ്ഞ് കൊച്ചി മെട്രോയില്‍ ജോലിചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട സ്റ്റാഫിനോട് ടീം ലീഡര്‍ അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി.

കൊച്ചി മെട്രോയിലെ ഹൗസ് കീപ്പിങ് സ്റ്റാഫായ ധന്യയാണ് പരാതി നല്‍കിയിരിക്കുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ധന്യ ഇടപ്പള്ളിയിലെ മാര്‍ അഗസ്റ്റിന്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആശുപത്രിയില്‍ നിന്ന് ആലുവ പൊലീസ് സ്റ്റേഷനില്‍ പരാതി കൈമാറിയിട്ടുണ്ട്.

ക്യാബ് താമസിച്ചെത്തിയതിനെ തുടര്‍ന്ന് ഓഫീസിലേക്കെത്താന്‍ വൈകിയ ധന്യയോട് ടീം ലീഡര്‍ മോശമായി സംസാരിക്കുകയും തന്റെ വ്യക്തിത്വത്തെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്നും അത് ചോദ്യം ചെയ്ത തന്നെ അവര്‍ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ധന്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” ക്യാബ് വൈകിയെതിനെ തുടര്‍ന്ന് ഓട്ടോ വിളിച്ചാണ് ജോലി സ്ഥലത്തേക്ക് പോയത്. ഇതേ തുടര്‍ന്ന് കുടുംബശ്രീയിലെ ടീം ലീഡറെ കാണാന്‍ പോയി. അവിടെ വെച്ച് ടീം ലീഡര്‍ അപമര്യാദയായി സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്റെ വ്യക്തിത്വത്തെ മോശമാക്കി കാണിക്കുന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്. നിനക്ക് ഈ ജോലിയില്ലെങ്കിലും വേറെ ഏതൊക്കെ രീതിയില്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടെന്നാണ് അവരെന്നോട് ചോദിച്ചത്. അത്തരം ഒരു മോശം ഭാഷ ഉപയോഗിച്ചാണ് അവര്‍ എന്നോട് സംസാരിച്ചത്,” ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പിന്തുണ നല്‍കേണ്ട കുടുംബശ്രീപ്രവര്‍ത്തകര്‍ തന്നെ തങ്ങളോട് ഇത്തരത്തില്‍ പെരുമാറുന്നത് മോശമായിട്ടുള്ള കാര്യമാണെന്ന് ധന്യ പറഞ്ഞു.

” കൊച്ചി മെട്രോയില്‍ മൂന്ന് വര്‍ഷമായിട്ട് ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ പുതിയ സംവരണങ്ങള്‍ കൊണ്ടു വരാനും ഏതൊക്കെ മേഖലകളില്‍ ജോലിക്കൊടുക്കണമെന്നും എങ്ങനൊക്കെ ട്രെയിനിങ് കൊടുത്ത് സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ പ്രയത്‌നിക്കുമ്പോള്‍ ഞങ്ങളെ പിന്തുണയ്‌ക്കേണ്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് മോശമാണ്,” ധന്യ പറഞ്ഞു.

മന്ത്രി കെ.കെ ശൈലജയ്ക്കും ആലുവ പൊലീസ് സ്റ്റേഷനിലും സാമൂഹ്യ നീതി വകുപ്പുനും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും പരാതി കൊമാറിയതായി ധന്യ പറഞ്ഞു.

” സംഭവത്തില്‍ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ടി.ജി സെല്ലില്‍ നിന്ന് സാമൂഹിക നീതി വകുപ്പ് സ്റ്റേറ്റ് ഡയരക്ടര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. മന്ത്രി ശൈലജ ടീച്ചര്‍ക്കും പരാതി കൊടുത്തിട്ടുണ്ട്,” ധന്യ പറഞ്ഞു.

തനിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ കൊച്ചി മെട്രോയിലെ തന്റെ തിരിച്ചറിയല്‍ കാര്‍ഡും ഒപ്പം യൂണിഫോമും ഒരാഴ്ചത്തേക്ക് സറണ്ടര്‍ ചെയ്യാന്‍ കുടുംബശ്രീയിലെ എ.എം.ഒ തന്നോട്ട് ആവശ്യപ്പെട്ടതായി ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. താന്‍ മൊട്രോയിലെ സ്റ്റാഫല്ലാ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ധന്യ പറഞ്ഞു.

” എന്റെ ഐഡി കാര്‍ഡും യൂണിഫോവും ഒരാഴ്ചത്തേക്ക് സറണ്ടറാക്കണമെന്ന് പറഞ്ഞ് കുടുംബശ്രീയിലെ എ.എം. ഒ വിളിച്ചു. എന്തിനാണെന്ന് സംഘടനയില്‍ ഉള്ളവര്‍ ചോദിച്ചപ്പോള്‍ അത് ധന്യ ഇനി ഡ്യൂട്ടിക്ക് ഒരാഴ്ച കഴിഞ്ഞല്ലേ കയറൂ, അപ്പോള്‍ തിരിച്ചു തരാമെന്നാണ് പറഞ്ഞത്,” ധന്യ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട എ.എം.ഒ സംഭവം ഒക്കെ കഴിഞ്ഞ ശേഷം ഐഡി കാര്‍ഡ് ചോദിക്കുന്നതിന് വേണ്ടി മാത്രമാണ് തന്നെ വിളിച്ചതെന്നും തന്നെ മര്‍ദ്ദച്ചതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്നും ധന്യ പറഞ്ഞു.

മുന്‍വൈരാഗ്യം വെച്ചു കൊണ്ടാണ് തനിക്ക് നേരെ ഇത്തരത്തില്‍ മര്‍ദ്ദനം നടന്നതെന്ന് ധന്യ പറഞ്ഞു.

” ലോക്ഡൗണിനെത്തുടര്‍ന്ന് പ്രധാനമന്ത്രി പതിനായ്യിരത്തിന് താഴെ പൈസ കൊടുക്കണമെന്ന് പറഞ്ഞിരുന്നല്ലോ, അതിനെത്തുടര്‍ന്ന് കുടുംബശ്രീ കെ.എം.ആറില്‍ നിന്ന് പണം വാങ്ങിവെച്ചിരുന്നു. എന്നാല്‍ ഡ്യൂട്ടി ചെയ്ത സമയത്തെ പൈസ മാത്രമാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഡ്യൂട്ടി ചെയ്യാത്ത സമയത്തെ ലോക് ഡൗണിന്റെ പൈസ ഇവരുടെ കീഴില്‍ വെച്ചു. ഇവരത് തന്നില്ല. ഇതിനേച്ചൊല്ലി ഇവിടെ വര്‍ക്ക് ചെയ്യുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാഫ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. അവളതിനെ ചോദ്യം ചെയ്യുകയും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തപ്പോള്‍ ഈ പൈസ തരേണ്ടി വന്നു. ഇതവര്‍ക്ക് ട്രാന്‍സിനോട് വ്യക്തി വൈരാഗ്യം പോലെയായി ഇതൊക്കെ വെച്ചിട്ടാണവര്‍ ദേഷ്യം ഞങ്ങളുടെ അടുത്ത് തീര്‍ക്കുന്നത്,” ധന്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും തങ്ങള്‍ ഉപയോഗിക്കുന്ന ബാത്ത്‌ റും പൂട്ടിയിടുകയും ഓരോ തവണ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടി വരുന്ന സമയത്ത് സ്‌റ്റേഷന്‍ കണ്‍ട്രോളറുടെ റൂമില്‍ച്ചെമന്ന് വാങ്ങിക്കുകയും പിന്നീട് പൂട്ടി തിരിച്ച് അവിടെത്തന്നെ കൊടുക്കേണ്ടി വരികയും ഇത് ഓരോ തവണയും ആവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും ധന്യ പറഞ്ഞു. ബാക്കി ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നും അവര്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ടോയലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ ഭിന്നശേഷിക്കാരുടെ ടോയലറ്റുകളാണ് ഉപയോഗിക്കുന്നതെന്നും ധന്യ പറഞ്ഞു.

സംഭവത്തില്‍ ടി.ജി സെല്ലുമായി സംസാരിച്ച് നടപടിയെടുക്കാന്‍ തീരുമാനിക്കുന്നുണ്ടെന്ന് ട്രാസ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

” കുടുംബശ്രീയുമായിട്ടുള്ള പ്രശ്‌നമായി മാത്രം ഇതിനെ കാണാന്‍ പറ്റില്ല. കെ.എം.ആര്‍ ലെ ഒരു സ്റ്റാഫ് എന്ന നിലയ്ക്ക് ഉള്ള പ്രശ്‌നമാണ്. ഇവരെ റിക്രൂട്ട് ചെയ്തത് കുടുംബശ്രീ ആണെങ്കിലും കെ.എം.ആറില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റാഫ് എന്ന നിലയ്ക്കാണ് ധന്യക്ക് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. സംഭവത്തെ ഗൗരമായിത്തന്നെ കാണുന്നു,” ശീതള്‍ ശ്യാം പറഞ്ഞു.

കൊച്ചിമെട്രോയില്‍ വിവിധ സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

 

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.