വയനാടിനോട് അവഗണന; പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് സുരേഷ് ഗോപി ഒഴികെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍
national news
വയനാടിനോട് അവഗണന; പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് സുരേഷ് ഗോപി ഒഴികെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 12:00 pm

ന്യൂദല്‍ഹി: വയനാടിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ച് സുരേഷ് ഗോപി ഒഴികെയുളള കേരളത്തിന്റെ എം.പിമാര്‍. വയനാടിനായുള്ള പ്രത്യേക പാക്കേജ് നല്‍കേണ്ട ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് കേന്ദ്രത്തിന് ചെലവായ തുക തിരിച്ച് ചോദിക്കുന്നത് കേരളത്തോട് കാണിക്കുന്ന അനീതിയെന്നും എം.പിമാര്‍ പറഞ്ഞു.

വയനാട് പ്രത്യേക പാക്കേജ് വൈകുന്നതില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനാ സേവനത്തിന് 132 കോടി 62 ലക്ഷം രൂപ അടക്കണമെന്ന കേന്ദ്ര നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണനും ചൂണ്ടിക്കാട്ടി.

‘ദുരന്തം നേരിടുന്ന സന്ദര്‍ഭത്തില്‍ ദുരന്ത ബാധിതരായ സംസ്ഥാനത്തെ സഹായിക്കുന്നതിനായി ചെലവഴിച്ച പണം തിരികെ നല്‍കണമെന്ന കേന്ദ്രത്തിന്റ നിലപാട് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കേന്ദ്രത്തിന്റെ അനീതി ന്യായീകരിക്കുന്നതിന് വേണ്ടിയാണ് വ്യോമസേനയുടെ രക്ഷാദൗത്യ ചെലവുകള്‍ തിരിച്ച് ചോദിക്കുന്നത്. കേരളത്തെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല കേരളത്തെ അപമാനിക്കുകയാണ്,’ കെ.രാധാകൃഷ്ണന്‍ എം.പി വ്യക്തമാക്കി.

കേന്ദ്രം കേരളത്തിന് മുകളില്‍ സമ്മര്‍ദം ചെലുത്തി പണം ആവശ്യപ്പെടുന്നുവെന്നും എസ്.ഡി.ആര്‍.എഫ് ഫണ്ട് പ്രകാരം കേന്ദ്രത്തിന് പണം കൊടുക്കണമെന്നുണ്ടെങ്കില്‍ കൊടുക്കുമെന്നും എന്നാല്‍ പണം ചോദിക്കുന്നത് മര്യാദ കേടാണെന്നും റവന്യു മന്ത്രി കെ.രാജനും വ്യക്തമാക്കി.

കേരളത്തിന്റെ കയ്യില്‍ പണമുണ്ടെന്ന അനാവശ്യപ്രചരണമാണ് കേന്ദ്രം നടത്തുന്നതെന്നും അതേസമയം തന്നെ ഉള്ള പണം തിരിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. തുക തിരികെ നല്‍കണമെന്ന ആവശ്യം ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

എയര്‍ലിഫ്റ്റിങ്ങിന് ചെലവായ 132 കോടി 62 ലക്ഷം രൂപ കേന്ദ്രത്തിന് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2019ലെ പ്രളയം മുതല്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ വരെയുള്ള കേരളത്തിലെ ദുരന്തങ്ങളില്‍ എയര്‍ലിഫ്റ്റ് സേവനം ഉപയോഗപ്പെടുത്തിയതിന്റെ മുഴുവന്‍ തുകയും കേരളം തിരിച്ച് അടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ ആണ് കത്ത് നല്‍കിയത്.

Content Highlight: Neglect of Wayanad; MPs from Kerala, except Suresh Gopi, unitedly protested in Parliament