| Friday, 15th November 2024, 3:45 pm

കേന്ദ്രത്തില്‍ നിന്നും നേരിടുന്നത് അവഗണന, മറ്റുസംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തിന് ലഭിക്കുന്നില്ല: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കേരളം അവഗണന നേരിടുന്നുവെന്നതിന്റെ തെളിവാണ്
കേരളത്തിന്റെ പ്രതിനിധിയായ കെ.വി തോമസിനോട് വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ മറുപടിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

‘ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും സഹായം ലഭിക്കാനും നല്ല രീതിയില്‍ സ്വാധീനം ചെലുത്തുമായിരുന്നുവെന്നും പുനരധിവാസത്തിന് ഉള്‍പ്പെടെ വായ്പ എഴുതി തള്ളുക എന്ന ആവശ്യങ്ങള്‍ക്കൊന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല.

കേരളത്തിലെ പോലെ ഇത്തരത്തിലുള്ള ദുരന്തങ്ങളൊന്നും ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ഇതിനകം തന്നെ സഹായം നല്‍കാന്‍ ബി.ജെ.പി ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ടെന്നും നേരത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ആശ്വാസമായി ഫണ്ട് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം നിഷേധിച്ചിരുന്നു.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ല എന്ന് മാത്രമല്ല നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നാണ് പറയാനുള്ളത്.

യു.ഡി.എഫ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടിനൊപ്പമല്ല. ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ചാണ്. ബി.ജെ.പി കള്ളപ്പണത്തില്‍ കുളിച്ചുനില്‍ക്കുകയാണെന്നും കൊടകര കുഴല്‍പ്പണക്കേസിലുള്‍പ്പെടെ കേന്ദ്രം നിലപാടുകളൊന്നും സ്വീകരിക്കുന്നില്ല എന്നും,’ ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ സ്റ്റേറ്റ്‌മെന്റിലുള്‍പ്പെടെ ബി.ജെ.പിയെ എതിര്‍ക്കുന്നതിന് പകരം സംസ്ഥാനസര്‍ക്കാരിനെയാണ് യു.ഡി.എഫ് എതിര്‍ക്കുന്നതെന്നും പാലക്കാടും വടകരയും തൃശൂരും ചേര്‍ന്ന് ഒരു ടീം കള്ളപ്പണ ഇടപാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഷാഫി പറമ്പിലിന് പണം കൊടുത്തുവെന്ന കെ.സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പി കോണ്‍ഗ്രസ് ബന്ധത്തിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘പണം മാത്രമല്ല വോട്ടും കൈമാറുമെന്ന ഡീല്‍ ഇവര്‍ തമ്മിലുണ്ടെന്നും തൃശൂരില്‍ അത് കണ്ടതാണെന്നും പാലക്കാടും അതിലേക്ക് തന്നെയാണ് നയിക്കുന്നതെന്നും കള്ളപ്പണം ഉപയോഗത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയുടെ ഒപ്പം തന്നെ കോണ്‍ഗ്രസുമുണ്ടെന്ന് പാലക്കാട് നിന്നും മനസിലാക്കാന്‍ കഴിഞ്ഞു.

ഇത്തരത്തിലുള്ള നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ഉള്ളില്‍ നിന്നുതന്നെ വലിയ തോതിലുള്ളപൊട്ടിത്തെറി ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രമുഖരായ ഒമ്പത് നേതാക്കള്‍ പാര്‍ട്ടി വിട്ടുപോവുന്ന സ്ഥിതി ഉണ്ടായി.

രാഷ്ട്രീയ പ്രശനങ്ങള്‍ തന്നെയായിരുന്നു ഇതിനെല്ലാം കാരണമെന്നും അവസാനമായി രാജിവെച്ച കൃഷ്ണകുമാരി കോണ്‍ഗ്രസ് ബി.ജെ.പി ബന്ധത്തെ വിമര്‍ശിക്കുകയും ചെയ്ത നേതാവാണെന്നും വേറെ സ്ഥലങ്ങളിലും കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യം ഉണ്ടായിട്ടുണ്ട്.

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നിലപാടുള്ള പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതായി വാര്‍ത്തകളില്‍ കണ്ടുവെന്നും നിലപാടുയര്‍ത്തി പിടിച്ച് കൊണ്ട് ജനങ്ങളുടെ കൂടെ നിന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത് എന്നും’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള മത്സരം നടക്കുമെന്നും ഇടതുപക്ഷം മുന്നേറുമെന്നും സരിന് അനുകൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സൗഹാര്‍ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും നാടിന്റെ സാമുദായിക അന്തരീക്ഷത്തെ തകര്‍ക്കരുതെന്ന നിലപാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും ഇത്തരത്തില്‍ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മകഥ വിഷയത്തില്‍ ഇ.പി.  ജയരാജന്‍ പറയുന്നതിനൊപ്പം നില്‍ക്കുമെന്നും അന്വേഷണം നടക്കട്ടെയെന്നും ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിക്കുന്നതെന്നും ആത്മകഥാ വിവാദം പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Neglect from the Centre, Kerala does not get the same treatment as other states: M.V. Govindan

We use cookies to give you the best possible experience. Learn more