| Monday, 16th December 2024, 4:56 pm

അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ച് മലയാളി സ്വിഗ്ഗി തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ച് മലയാളി സ്വിഗ്ഗി തൊഴിലാളികള്‍. മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.

ഈ മാസം 23ന് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ സ്വിഗ്ഗി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും.

ആവശ്യങ്ങൾ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ശമ്പള വര്‍ധനവ് ഉള്‍പ്പെടെ തൊഴിലാളികള്‍ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ മാനേജ്‌മെന്റ് നിലപാടുകളൊന്നും എടുക്കാത്തതിനെ തുടർന്നായിരുന്നു സമരം.

നേരത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികള്‍ മാനേജ്‌മെന്റിന് കത്തയച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.

ശമ്പളം വര്‍ധിപ്പിക്കുക, ഫുള്‍ ടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗ്യാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷന്‍ മാപ്പില്‍ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍.

സാലറി സ്ലിപ്പ് നല്‍കുക, നിലവിലെ ഇന്‍സെന്റീവ് നിലനിര്‍ത്തിക്കൊണ്ട് ആകെ ദൂരത്തിന്റെ ആദ്യത്തെ മൂന്ന് കിലോ മീറ്ററില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിലും 10 രൂപയാക്കിയുള്ള വേതനം നിശ്ചയിക്കാനും ബ്ലോക്ക് ചെയ്തിട്ടുള്ള എല്ലാ ഐഡികളും ആക്ടിവേറ്റ് ചെയ്യാനും തുടങ്ങി പതിമൂന്നോളം ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിച്ചത്.

സ്വിഗ്ഗി തൊഴിലാളികളുടെ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോ തൊഴിലാളികളും ഇന്ന് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയിതിരുന്നു.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി. എ.ഐ.ടി.യു.സി യൂണിയനുകളിലെ തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ തൊഴിലാളികള്‍ തിരുവനന്തപുരം ഇന്‍സ്റ്റാമാര്‍ട്ടിന് മുന്നില്‍ നടത്തുകയാണ് ചെയ്തത്.

ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ ഭക്ഷണം വിതരണം ചെയ്യില്ലെന്നായിരുന്നു യൂണിയന്റെ നിലപാട്. പണിമുടക്കിന്റെ ആദ്യഘട്ടമായി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് സമരം ആരംഭിച്ചിരുന്നത്.

Content Highlight: Malayali Swiggy workers end indefinite strike

We use cookies to give you the best possible experience. Learn more