അപ്പോ കായംകുളം കൊച്ചുണ്ണി നമ്മള്‍ ഉദ്ദേശിച്ച ആളല്ലലേ | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതം പശ്ചാത്തലമാക്കിയൊരുക്കിയിരിക്കുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന നിരവധി അനീതികള്‍ക്കെതിരെ, പ്രത്യേകിച്ച് ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയാണ് സിനിമ സംസാരിക്കുന്നത്.

ഈഴവരടക്കമുള്ള വിഭാഗങ്ങളെ സവര്‍ണവിഭാഗങ്ങള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാക്കിയതും അതിനെതിരെ ബുദ്ധിശക്തിയും കായികബലവും ഉപയോഗിച്ച് വേലായുധ പണിക്കര്‍ തിരിച്ചടിച്ചതുമാണ് ചിത്രം പ്രധാന പ്രമേയമായി എടുത്തിരിക്കുന്നത്.

അതേസമയം വേലായുധ പണിക്കരോടൊപ്പം വളരെ പ്രാധാന്യത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ചരിത്ര കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണിയുടേത്. വേലായുധ പണിക്കരായി സിജു വില്‍സണെത്തുമ്പോള്‍ ചെമ്പന്‍ വിനോദാണ് കൊച്ചുണ്ണിയാകുന്നത്. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള നീണ്ട ഫൈറ്റ് സീനുകള്‍ സിനിമയിലുണ്ട്.

കായംകുളം കൊച്ചുണ്ണി എന്ന കേരള ചരിത്രത്തിലെ ‘ഏറ്റവും നല്ലവനായ കള്ളനെ’ മറ്റൊരു ഷേഡിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വില്ലന്മാരുടെ കൂട്ടത്തിലാണ് കൊച്ചുണ്ണിയും ഒരു പരിധി വരെ നില്‍ക്കുന്നത്. എന്നാല്‍ മറ്റ് സവര്‍ണ തമ്പുരാക്കന്മാരുടേത് പോലെ അതിക്രൂരനല്ലെന്ന് മാത്രം.

കായംകുളം കൊച്ചുണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി നിരവധി സിനിമകളും സീരിയലുകളും കഥാപുസ്തകങ്ങളും മലയാളത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് വിനയന്റെ കൊച്ചുണ്ണി. പണക്കാരില്‍ നിന്നും മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന റോബിന്‍ഹുഡായിരുന്നു ഇതുവരെയുള്ള മിക്ക ചിത്രങ്ങളിലും കൊച്ചുണ്ണി. എന്നാല്‍ ഇവിടെയെത്തുമ്പോള്‍ പാവങ്ങള്‍ക്ക് വേണ്ടിയല്ല, സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കൊച്ചുണ്ണി മോഷണങ്ങള്‍ നടത്തിയിരുന്നതെന്നാണ് പത്തൊന്‍പതാം നൂറ്റാണ്ട് പറയുന്നത്.

താന്‍ മോഷ്ടിച്ചെടുക്കുന്നത് മറ്റു രാജ്യങ്ങളിലേക്ക് പോലും കടത്തിയയച്ച് വന്‍ ലാഭം കൊയ്യുന്ന ഈ കൊച്ചുണ്ണിയുടെ പക്കല്‍ എണ്ണിയാല്‍ തീരാത്തത്ര സ്വത്തുണ്ട്. ഒരു ഘട്ടത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിനേക്കാള്‍ വലിയ ധനികനാകാന്‍ വരെയുള്ള സാധ്യത കൊച്ചുണ്ണി മോഷണത്തിലൂടെ നേടുന്നുണ്ട്.

അതേസമയം കൊച്ചുണ്ണിയെ കുറിച്ചുള്ള പഴയ കഥകളെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടല്ല, വിനയന്‍ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. താന്‍ മോഷ്ടിച്ചുണ്ടാക്കുന്നതില്‍ നിന്നും ഒരു പങ്ക് ഇയാള്‍ പാവങ്ങള്‍ക്ക് തന്നെയാണ് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ജനസമ്മതിയും കൊച്ചുണ്ണിക്കുണ്ട്.

എന്നാല്‍ കൊച്ചുണ്ണിയെ കുറിച്ചുള്ള വിവരങ്ങള്‍ നാട്ടുകാര്‍ പുറത്തുപറയാതിരിക്കുന്നതിന് പിന്നില്‍ അയാളോടും സംഘത്തോടുമുള്ള പേടി കൂടിയുണ്ട്. പാവങ്ങളെ കൊച്ചുണ്ണി തന്റെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കു വേണ്ടി തന്ത്രപൂര്‍വം ഉപയോഗിക്കുകയായിരുന്നു എന്ന വരച്ചുകാട്ടല്‍ കൂടി ചിത്രത്തില്‍ കാണാന്‍ കഴിയും.

തിരുവിതാംകൂറിലെ നാടുവാഴികളും നാട്ടുപ്രമാണിമാരും ചിലരോട് ചെയ്ത അനീതികളെ കുറിച്ച് കൊച്ചുണ്ണി പറയുന്നുണ്ടെങ്കിലും അതേ നാടുവാഴികള്‍ക്ക് കൈക്കൂലി നല്‍കികൊണ്ടാണ് കൊച്ചുണ്ണി മോഷണവും നടത്തുന്നത്. ഒരു സ്ത്രീലമ്പടനെന്ന നിലയില്‍ കൂടി കൊച്ചുണ്ണി ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

വേലായുധ പണിക്കരും കൊച്ചുണ്ണിയും തമ്മിലുള്ള വൈരുധ്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് വിനയന്‍ തന്റെ കൊച്ചുണ്ണി കഥ പൂര്‍ത്തിയാക്കുന്നത്. വേലായുധ പണിക്കര്‍ ന്യായമായ രീതിയില്‍ കച്ചവടം നടത്തി പണമുണ്ടാക്കുമ്പോള്‍ കൊച്ചുണ്ണി മോഷണവും പിടിച്ചുപറയും കൊള്ളയും നടത്തിയാണ് കാശ് കൊയ്യുന്നതെന്ന് ഡയലോഗുകളിലൂടെ തന്നെ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല, വേലായുധ പണിക്കര്‍ തന്റെ ജീവനും ജീവിതവും അധ്വാനവുമെല്ലാം സമൂഹത്തിന്റെ ഉന്നമനത്തിനായി ഉഴിഞ്ഞു വെച്ചപ്പോള്‍ കൊച്ചുണ്ണി സ്വന്തം കാര്യം മാത്രം നോക്കുന്ന മോഷ്ടാവ് മാത്രമാണെന്ന് അടിവരയിട്ട് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

Content Highlight: Negative Portrayal of Kayamkulam Kochunni in Pathonpatham Noottandu