ന്യൂദല്‍ഹി: കുട്ടികളുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ ചിലര്‍ മനപ്പൂര്‍വ്വം നിഷേധാത്മക ഉള്ളടക്കങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ. ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടിയുടെ പുതിയ 12ാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്നും വിവിധ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ബവന്‍കുലെയുടെ പരാമര്‍ശം.
ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും ആ സാഹചര്യത്തില്‍ പാഠപുസ്തകങ്ങളില്‍ നെഗറ്റീവ് ഉള്ളടക്കങ്ങളുടെ ആവശ്യമില്ലെന്നും ബവന്‍കുലെ കൂട്ടിച്ചേര്‍ത്തു. എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ചിലയാളുകള്‍ മനപ്പൂര്‍വ്വം ചരിത്രപാഠപുസ്തകങ്ങളില്‍ നിഷേധാത്മക ഉള്ളടക്കങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അവയെ പൂര്‍ണമായും ഒഴിവാക്കണം. നമ്മുടെ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. അതിനിടക്ക് ഇത്തരം നെഗറ്റീവ് വിവരണങ്ങളുടെ ആവശ്യമില്ല,’ ബവന്‍കുലെ പറഞ്ഞു.
പാഠപുസ്തകങ്ങളില്‍ നിന്നും വസ്തുതകളും ഇല്ലാതാക്കപ്പെടുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ പ്രത്യേകിച്ച് ഒരു സംഭവത്തെ കുറിച്ചല്ല പരാമര്‍ശിച്ചതെന്നും വസ്തുതകള്‍ ഒഴിവാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഷേധാത്മക വിവരണങ്ങള്‍ക്ക് താന്‍ എതിരാണെങ്കിലും പാഠപുസ്തകങ്ങളില്‍ നിന്നും വസ്തുതകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നും ബവന്‍കുലെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാന്ധിജിയുടെ ഹിന്ദു മുസ്‌ലിം ഐക്യ ആഹ്വാനമാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചതെന്നും, ഗാന്ധിയുടെ മരണം രാജ്യത്തെ വര്‍ഗീയ സാഹചര്യങ്ങളെ എപ്രകാരം ബാധിച്ചുവെന്നും, ആര്‍.എസ്.എസിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടങ്ങിയ വിവരങ്ങളാണ് പുതിയ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയത്.
പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങളും നീക്കിയിട്ടുണ്ട്. കോള്‍ഡ് വാര്‍ ഇറ, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം തുടങ്ങിയ പാഠങ്ങളും നീക്കം ചെയ്തവയുടെ പട്ടികയില്‍ വരും.
സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
2014 മുതല്‍ ആധുനിക ഇന്ത്യന്‍ ചരിത്രം ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതവുമായി സമന്വയിപ്പിച്ചാണ് എന്‍.സി.ഇ.ആര്‍.ടി.സി തീരുമാനമെന്ന് രാജ്യസഭാ എം.പി കപില്‍ സിബല്‍ പ്രതികരിച്ചു.
NCERT textbooks:
Effaced:
1) Gandhi’s pursuit of Hindu Muslim unity
2) Banning of RSS
3) All references to Gujarat riots
4) Protests that turned into social movements in contemporary India
Consistent with Modiji’s Bharat modern Indian history should start from 2014… !