ന്യൂദല്‍ഹി: വിശപ്പുരഹിത ഇന്ത്യ ലക്ഷ്യമിട്ട് തുടങ്ങിയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവരെ ഗ്രാമീണമേഖലയില്‍ അറുപതും നഗരമേഖലയില്‍ നാല്പതും ശതമാനമാക്കി കുറയ്ക്കാന്‍ ആലോചന. നീതി ആയോഗ് ചര്‍ച്ചാക്കുറിപ്പിലാണ് ഇതേക്കുറിച്ച് ആലോചിക്കാനുള്ള നിര്‍ദേശം.
നിലവില്‍ പദ്ധതിയുടെ പരിധി ഗ്രാമീണ നഗര മേഖലകളില്‍ യഥാക്രമം 75, 50 ശതമാനമാണ്. 81.35 കോടി പേര്‍ക്കിപ്പോള്‍ ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. പരിധി ശതമാനം കുറച്ചാല്‍ 17.9 കോടി പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താവും. ഭക്ഷ്യസബ്‌സിഡി 71.62 കോടി പേര്‍ക്ക് നല്‍കിയാല്‍ മതി. ഇതുവഴി സബ്‌സിഡി ഇനത്തില്‍ വര്‍ഷം 47,229 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാം. ഇത് മുന്നില്‍ക്കണ്ടാണ് പുതിയ നിര്‍ദേശം.
എന്നാല്‍ നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയപ്രാധാന്യമുള്ളതും വളരെയധികം പ്രതിഷേധത്തിനിടയാക്കുന്നതും പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടതുമായ വിഷയമായതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെ നിര്‍ദേശം മുന്നോട്ട് വെക്കാനാവൂ എന്ന് മുഖ്യസാമ്പത്തിക ഉപദേശകന്‍ കെ.വി സുബ്രഹ്മണ്യന്‍ യോഗത്തില്‍ ഉന്നയിച്ചു.
കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ സാമ്പത്തിക സര്‍വേകളിലുള്ള മാറിയ അടിസ്ഥാനാവശ്യ സൂചികകള്‍ അവലംബമാക്കി വേണം പുതിയ നിര്‍ദേശം അവതരിപ്പിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം നീതി ആയോഗ് സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് സി.ഇ.ഒ അമിതാഭ് കാന്ത് മാതൃഭൂമിയോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക