ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണം നോട്ട് നിരോധനവും, കേന്ദ്രനയങ്ങളുമല്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ സ്വീകരിച്ച നയങ്ങളാണ് ഇന്ത്യയുടെ സമ്പദ് ഘടനയെ ദുര്‍ബലമാക്കിയതെന്നും രാജീവ് കുമാര്‍ പറഞ്ഞു.
നിലവില്‍ രാജ്യം സാമ്പത്തികമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഇതിന് കാരണം ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയല്ല. മറിച്ച് രഘുറാം രാജന്റെ നയങ്ങളാണ്. ഇതിന്റെ ഫലമായി ബാങ്കുകളില്‍ നിന്ന് വ്യവസായ ശാലകള്‍ക്ക് വായ്പ ലഭിയ്ക്കാത്ത അവസ്ഥ സംജാതമായെന്നും അദ്ദേഹം ആരോപിച്ചു.
വളര്‍ച്ച ഇടിയുന്നത് രാജ്യത്ത് തുടരുകയാണ്. എന്തുകൊണ്ടാണ് വളര്‍ച്ച താഴുന്നത്. ഇതിന്റെ ഉത്തരം ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പെരുകുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നിഷ്‌ക്രിയാസ്തി നാല് ലക്ഷം കോടി രൂപയായിരുന്നു. ഇത് 2017 മധ്യത്തോടെ 10.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതിന് കാരണം രഘുറാം രാജന്റെ നയങ്ങളാണെന്ന് രാജീവ് കുമാര്‍ കുറ്റപ്പെടുത്തു.
നിഷ്‌ക്രിയാസ്തിയും ദുര്‍ബല ആസ്തിയും തിരിച്ചറിയാന്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഇതോടെ ബാങ്കുകള്‍ വ്യവസായശാലകള്‍ക്ക് വായ്പ അനുവദിക്കുന്നത് നിര്‍ത്തിയെന്നും രാജീവ് കുമാര്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടായ സാമ്പത്തിക നഷ്ടമാണ് ബാങ്കിങ്ങ് മേഖലയിലുണ്ടായ പ്രതിസന്ധി തിരിച്ചറിയാന്‍ ഇടയാക്കിയത്. 2018-19 വര്‍ഷത്തെ ആദ്യ പാദത്തില്‍ 940 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബാങ്കിങ്ങ് മേഖല മെച്ചപ്പെടുന്നതിന് മുമ്പ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് ജൂണില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2018 മാര്‍ച്ചില്‍ വാണിജ്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി മൊത്തം വായ്പയുടെ 11.6 ശതമാനമായി ഉയര്‍ന്നു. ഈ കണക്കുകള്‍ ഏറ്റവുമധികം ബാധിച്ചത് ചെറുകിട സ്ഥാപനങ്ങളെയാണ്്. ഇവര്‍ക്ക് ലഭിച്ചിരുന്ന വായ്പയില്‍ ഗണ്യമായ കുറവുണ്ടായി. വലിയ വ്യവസായശാലകളേയും നിഷ്‌ക്രിയാസ്തി ബാധിച്ചതായി രാജീവ് കുമാര്‍ പറയുന്നുണ്ട്.