പാട്‌ന: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ 21 പ്രതികള്‍ക്കെതിരായ കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചു. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് ഇന്നലെ പാട്‌ന സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ബി.എന്‍.എസ് സെക്ഷന്‍ 120 (ബി) ക്രിമിനല്‍ ഗൂഢാലോചന, സെക്ഷന്‍ 109 പ്രേരണാകുറ്റം, സെക്ഷന്‍ 409 ക്രിമിനല്‍ വിശ്വാസ ലംഘനം, സെക്ഷന്‍ 420 വഞ്ചന, സെക്ഷന്‍ 380 മോഷണം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 20നായിരുന്നു കേസിലെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെയായിരുന്നു രണ്ടാമത്തെ കുറ്റപത്രം.
മൂന്നാമത്തെ കുറ്റപത്രത്തില്‍ സിറ്റി കോര്‍ഡിനേറ്ററായി നിയമിതനായ ഒയാസിസ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ അഹ്‌സനുല്‍ ഹഖിനെതിരെയും വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലത്തിനെതിരെയും അഴിമതി നിരോധന നിയമം 13(ഒന്ന്)എ, 13(രണ്ട്) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സി.ബി.ഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ഇവര്‍ നീറ്റ് യു.ജി 2024ലെ ചോദ്യപേപ്പര്‍ മോഷ്ടിക്കാനായി ഗൂഢാലോചന നടത്തിയതായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
നീറ്റ് യു.ജി 2024ലെ ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളില്‍ എത്തിച്ചിരുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരുന്നതായും സി.ബി.ഐ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പങ്കജ് കുമാറിനെ കണ്‍ട്രോള്‍ റൂമില്‍ കയറാന്‍ ഇവര്‍ സാഹചര്യമൊരുക്കി കൊടുത്തെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ നല്‍കിയത് ഇവര്‍ ഇരുവരുമാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
Content Highlight: NEET UG question paper leak; CBI has filed a third charge sheet against 21 accused