| Thursday, 20th June 2024, 11:37 am

പരീക്ഷയുടെ തലേദിവസം നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടി; അന്വേഷണ സംഘത്തിന് മൊഴി നൽകി ബീഹാറിൽ നിന്നുള്ള വിദ്യാർത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരീക്ഷയുടെ തലേദിവസം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് മൊഴി നല്‍കി ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. ബീഹാര്‍ സ്വദേശി 22കാരനായ അമിത് ആനന്ദാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

മെയ് അഞ്ചിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേദിവസം തന്നെ കിട്ടിയെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. തന്റെ ബന്ധു വഴിയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്നും വിദ്യാര്‍ത്ഥി സമസ്തിപൂര്‍ പൊലീസിന് മൊഴി നല്‍കി.

മെയ് അഞ്ചിന് നടന്ന പരീക്ഷയില്‍ തലേദിവസം ലഭിച്ച ചോദ്യപേപ്പറില്‍ നിന്നുള്ള ചോദ്യങ്ങള്‍ കൃത്യമായി ചോദിച്ചെന്നും വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തിനോട് പറഞ്ഞു. ചോദ്യപേപ്പറിന് 30 മുതൽ 32 ലക്ഷം രൂപ വരെ വിലയുണ്ടെന്നും വിദ്യാർത്ഥി വെളിപ്പെടുത്തി.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്ന് അറസ്റ്റിലായ നാല് പേര്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. അനുരാഗ് യാദവ്, നിതീഷ് കുമാര്‍, അമിത് ആനന്ദ്, ദനാപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ജൂനിയര്‍ എഞ്ചിനീയര്‍ സിക്കന്ദര്‍ യാദവേന്ദു എന്നിവരാണ് ബിഹാറില്‍ നിന്ന് അറസ്റ്റിലായ നാലുപേര്‍.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. ചോദ്യപേപ്പറിൻ്റെയും ഉത്തരക്കടലാസിൻ്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ അമിത് ആനന്ദിൻ്റെ വസതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ബീഹാറിലെ പട്‌നയിലെ ശാസ്ത്രിനഗർ പൊലീസ് സ്‌റ്റേഷനിലാണ് അമിത് ആനന്ദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

2024ലെ നീറ്റ് പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പത്ത് ഹരജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.

Content Highlight: NEET question paper leaked; student from Bihar gave a statement to investigation team

We use cookies to give you the best possible experience. Learn more