ന്യുദല്‍ഹി: ഉന്നത വിദ്യഭ്യാസ പ്രവേശനത്തിനുള്ള പരീക്ഷകള്‍ നടത്താനായി പുതിയ ഏജന്‍സി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും ഇനി മുതല്‍ നെറ്റ്, നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകള്‍ നടത്തുക.
നിലവില്‍ സി.ബി.എസ്.ഇയും യു.ജി.സിയുമാണ് ഈ പരീക്ഷകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ മാധ്യമങ്ങളെ അറിയിച്ചു. പരീക്ഷ എജന്‍സി മാറുന്നുണ്ടെങ്കിലും പരീക്ഷ ഫീസിനോ സിലബിസിനോ മാറ്റമുണ്ടാകില്ല.
നീറ്റ്, നെറ്റ് പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടെണ്ണം നടത്തും. വിദ്യാര്‍ഥികള്‍ക്കു രണ്ടു പരീക്ഷകളും എഴുതാം. ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ പരിഗണിക്കും. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്.
കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതാവും ഈ പരീക്ഷകളെന്നും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലിരുന്നോ ഇതിന് സൗജന്യ പരിശീലനം നേടാമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുത്ത കംപ്യൂട്ടര്‍ സെന്ററുകളിലായിരിക്കും പരീക്ഷ. അത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.