നീറ്റ്, ജെ.ഇ.ഇ പരീക്ഷ: തീരുമാനം ഇന്നറിയാം; ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
national news
നീറ്റ്, ജെ.ഇ.ഇ പരീക്ഷ: തീരുമാനം ഇന്നറിയാം; ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th September 2020, 7:52 am

ന്യൂദല്‍ഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വിഷയത്തില്‍ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുക.

പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 28 നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥികളുടെ വളരെ നിര്‍ണായകമായ വര്‍ഷം പാഴാക്കാനാവില്ലെന്നും ജീവിതം മുന്നോട്ട് പോകണമെന്നുമാണ് സുപ്രീംകോടതി നേരത്തെ ഉത്തരവില്‍ പറഞ്ഞിരുന്നത്. പരീക്ഷ മാറ്റിവയ്ക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളിക്കളയുകയും ചെയ്തിരുന്നു.

അതേസമയം, നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹരജിയും സുപ്രീംകോടതി തള്ളിയിരുന്നു.

പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: NEET, JEE row: Supreme Court to hear review petition by 6 states seeking postponement