കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. പയ്യന്നൂര്‍ കൊവ്വപ്പുറം ടിസ്‌ക് സകൂളിലെ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് നടപടി. സ്‌കൂള്‍ മാനേജ്‌മെന്റാണ് നടപടി എടുത്തത്. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ പരീക്ഷനടത്തിപ്പിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് അധികൃതരുടെ വിശദീകരണം. കണ്ണൂര്‍ ആര്‍മി സ്‌കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പയ്യന്നൂരില്‍ പരീക്ഷക്കെത്തിയ മകളുടെ ജീന്‍സിന്റെ ബട്ടണ്‍ മാറ്റിപ്പിക്കുകയും പിന്നീട് ജീന്‍സ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.ജീന്‍സില്‍ മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരീക്ഷക്ക് തൊട്ടുമുമ്പ് വസ്ത്രം മാറ്റാന്‍ വിദ്യാര്‍ഥിനികളോടെ ആവശ്യപ്പെട്ടത്.
പയ്യന്നൂര്‍ സെന്ററില്‍ പരീക്ഷക്കെത്തിയ ചിലവിദ്യാര്‍ഥിനികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചതായും പരാതിയുണ്ട്. പരിശോധനക്കിടെ അടിവസ്ത്രത്തില്‍ നിന്ന് മെറ്റല്‍ കൊണ്ടുള്ള ക്ലിപ്പുകള്‍ കണ്ടെത്തിയതോടെ അടിവസ്ത്രം അമ്മയെ ഏല്‍പ്പിച്ച് ഒരു കുട്ടിക്ക് പരീക്ഷക്കിരിക്കേണ്ടി വന്നു. കരഞ്ഞ് മാനസീകമായി തളര്‍ന്നാണ് കുട്ടികള്‍ പരീക്ഷ എഴുതിയതെന്നും പലസെന്ററുകളിലും സിബിഎസ്.സി.യുടെ നിര്‍ദേശങ്ങള്‍ പലരീതിയിലാണ് നടപ്പിലാക്കിയതെന്നും രക്ഷിതാക്കള്‍ പറയുന്നു.
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളോടു ചെയ്തത് അപരിഷ്‌കൃതവും ക്രൂരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിയമസഭയില്‍ പറഞ്ഞിരുന്നു.
ഡ്രസ്‌കോഡ് വിദ്യാര്‍ഥികള്‍ക്ക് മാനസികസമ്മര്‍ദമുണ്ടാക്കിയെന്ന് കേന്ദ്രത്തെ അറിയിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷന്മണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്നും പിണറായി നിയമസഭയില്‍ അറിയിച്ചിരുന്നു.