| Saturday, 4th May 2019, 9:06 am

നീറ്റ് പരീക്ഷ മെയ് അഞ്ചിന് ; പരീക്ഷ എഴുതുന്നത് 15 ലക്ഷം വിദ്യാര്‍ത്ഥികള്‍; അരക്കൈ വസ്ത്രങ്ങളും ഹീല്‍ കുറഞ്ഞ ചെരുപ്പുകളും ഉപയോഗിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മെയ് അഞ്ചിന് . ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരീക്ഷ. 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്താകമാനം നീറ്റ് പരീക്ഷ എഴുതുന്നത്.

കേരളത്തില്‍ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സെന്ററുകള്‍.

കര്‍ശന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ഈ പ്രാവശ്യവും ദേശീയ പരീക്ഷ എജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റില്‍ ഉള്ള അതേ ഫോട്ടോയും കൈവശമുണ്ടാകണം.

പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പേ തന്നെ ഹാളില്‍ പ്രവേശിക്കണം പരീക്ഷയ്ക്ക് ഡ്രസ് കോഡും കര്‍ശനമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങളും ഹീല്‍ കുറഞ്ഞ ചെരുപ്പുകളും വേണം ഉപയോഗിക്കാന്‍.

മൊത്തം 720 മാര്‍ക്കിന്റെ പരീക്ഷയില്‍ 180 ചോദ്യങ്ങളാണുള്ളത്. ഒരു ചോദ്യത്തിന് നാല് മാര്‍ക്കാണുള്ളത്. നെഗറ്റീവ് ഉത്തരത്തിന് ഒരു മാര്‍ക്ക് കുറയ്ക്കും. ഫിസിക്‌സ്, കെമസ്ട്രി വിഷയങ്ങളില്‍ നിന്ന് 45 വീതം ചോദ്യങ്ങളും ബയോളജിയില്‍ നിന്ന് 90 ചോദ്യങ്ങളും ഉണ്ടാകും.
DoolNews Video

We use cookies to give you the best possible experience. Learn more