ന്യൂദല്‍ഹി: നീറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും വീണ്ടും നോട്ടീസ് അയച്ച് സുപ്രീം കോടതി. ചെറിയ പിഴവാണെങ്കില്‍ പോലും ഗൗരവത്തോടെ കാണണമെന്ന് എന്‍.ടി.എയോട് സുപ്രീം കോടതി പറഞ്ഞു.
സമയബന്ധിതമായി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. പരീക്ഷ നടത്തുന്ന ഏജന്‍സിയെന്ന നിലയില്‍ എന്‍.ടി.എ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.
പിന്നാലെ എന്‍.ടി.എക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും കോടതി നോട്ടീസില്‍ പറഞ്ഞു. ജൂലൈ എട്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി എൻ.ടി.എയെ വാക്കാൽ വിമര്‍ശിച്ചത്.
അതിനിടെ, ബീഹാറിലെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവരെ ശേഖരിച്ച തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതിന് വേണ്ടി അന്വേഷണ സംഘം ഇന്ന് ദല്‍ഹിയിലെത്തും.
നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ പരീക്ഷകള്‍ സുതാര്യമായി നടത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബീഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സംസ്ഥാനത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് 13 പേരെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നാല് പേർ വിദ്യാർത്ഥികളാണ്.
ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ ഉദ്യോഗസ്ഥർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നുള്ള സൂചനകളും വന്നിട്ടുണ്ടെന്ന് ബീഹാർ പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ബീഹാർ പൊലീസിന്റെ സാമ്പത്തിക വിഭാഗം ദേശീയ ടെസ്റ്റിങ് ഏജൻസിയോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
Content Highlight: NEET controversy; Supreme Court again sent a notice to the Centre