ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിൽ നിന്നെന്ന് അന്വേഷണ സംഘം. നേരത്തെ ബീഹാറിലും ഗുജറാത്തില്‍ നിന്നുമാണ് ചോദ്യപേപ്പര്‍ ലഭിച്ചത്.
ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിൽ നിന്നെന്ന് അന്വേഷണ സംഘം. നേരത്തെ ബീഹാറിലും ഗുജറാത്തില്‍ നിന്നുമാണ് ചോദ്യപേപ്പര്‍ ലഭിച്ചത്.
ബീഹാറിലെ പട്‌നയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്ന് ചോര്‍ന്നതാണെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെതാണ് കണ്ടെത്തല്‍.
പട്‌നയില്‍ നിന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കത്തിക്കരിഞ്ഞ നിലയില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയത്. ഇതുവരെ 17 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥലങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുമ്പോഴും പരീക്ഷ ഇതുവരെ കേന്ദ്രം റദ്ദാക്കിയിട്ടില്ല.
അതിനിടെ, ജൂൺ 25 മുതൽ നടക്കാനിരുന്ന സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചത് ചോദ്യപേപ്പർ ചോർന്നത് കൊണ്ടാണെന്നാണ് വിവരം. ഒഴിവാക്കാനാകാത്ത കാരണങ്ങൾ കൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസി പറഞ്ഞത്.
വെള്ളിയാഴ്ച കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളും ഡാർക്ക് വെബിൽ ചോർന്നെന്ന് വിവരം ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നിട്ടുണ്ടാകാമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷ റദ്ദാക്കി കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്.
നേരത്തെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് അവസാനം നടത്തിയ യു.ജി.സി നെറ്റ് എൻ.ടി.എ റദ്ദാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം എൻ.ടി.എക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും ഉയരുന്നതിനിടയിലാണ് ഇപ്പോൾ സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.
അതേസമയം യു.ജി.സി-നെറ്റ് പരീക്ഷ ക്രമക്കേടിൽ ചോദ്യപേപ്പർ ഡാർക്ക് വെബിൽ വിറ്റത് ആറ് ലക്ഷം രൂപക്കാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷ നടക്കുന്നതിന്റെ 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ടെലിഗ്രാമിലടക്കം ചോർന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Content Highlight:NEET Controversy: Question Paper Leaked From Jharkhand