ജയ്പൂര്‍: ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനില്‍ എന്‍.എസ്.യു നടത്തിയ പ്രതിഷേധം അക്രമാസക്തമായി. രാജസ്ഥാനിലെ കോട്ട കലക്ട്‌റേറ്റിലേക്ക് എന്‍.എസ്.യു നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ട് കലക്ട്‌റേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്.
മോദിയുടെ നിര്‍ദേശ പ്രകാരമാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് എന്‍.എസ്.യു സംസ്ഥാന പ്രസിഡന്റ് വിനോദ് ജാഖര്‍ പറഞ്ഞു.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെയും പവിത്രതയെയും ബാധിച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് എന്‍.ടി.എക്കെതിരിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.
Content Highlight: NEET; Clash during NSU protest in Rajasthan