തന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് നടന്‍ നീരജ് മാധവ്. പടിയായി ഉയര്‍ന്നുവരുമ്പോഴും കൂടുതല്‍ മികച്ചതാക്കണമെന്നേ തോന്നിയിട്ടുള്ളൂവെന്നും അത് കിട്ടാതെ വന്നപ്പോഴാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും നീരജ് മാധവ് പറയുന്നു.
ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആദ്യ സിനിമയില്‍ വെറും രണ്ട് സീനിലാണ് എന്റെ മുഖം കാണുന്നത്. അവസരങ്ങള്‍ കിട്ടണമെങ്കില്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടി പടിയായി ഉയര്‍ന്നു വരാന്‍ ആണ് നോക്കിയത്. കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലാണ് മുംബൈയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ഫാമിലി മാന്‍ എന്ന സീരീസിന് വേണ്ടിയായിരുന്നു അവര്‍ വിളിച്ചത്. മനോജ് വാജ്പേയ്, രാജന്‍- ഡി.കെ എന്നിവരോടൊപ്പമാണെന്നും അവര്‍ പറഞ്ഞു. മറ്റൊന്നും എനിക്ക് അറിയേണ്ടിയിരുന്നില്ല. ഞാന്‍ ഓക്കേ പറഞ്ഞു,’ നീരജ് പറയുന്നു.
മികച്ചതാവാന്‍ സാധിക്കുന്നത് കൂടുതല്‍ ആളുകള്‍ തെരെഞ്ഞെടുക്കാത്ത വഴികള്‍ എടുക്കുമ്പോഴാണെന്നും നീരജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം നീരജ് മാധവ് പ്രധാനവേഷത്തില്‍ എത്തുന്ന ആര്‍.ഡി.എക്സ് ഓണത്തിനാണ് തിയേറ്ററില്‍ എത്തുക. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.