ലണ്ടന്‍: വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.
കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറസ്റ്റിനുശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാന്‍ സാധിക്കും. അല്ലാത്തപക്ഷം കോടതി ഉത്തരവിടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ചെയ്യാം.
നീരവ് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറിയ രേഖകളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നീരവ് മോദിയുടെ അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
നീരവ് മോദിക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായ ഒരു കൂട്ടം നിയമവിദ്ഗരോടും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ വ്യവസായി നീരവ് മോദി ലണ്ടന്‍ നഗരമധ്യത്തിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ഡെയ്ലി ടെലഗ്രാഫ് ഈമാസം ആദ്യം പുറത്തു വിട്ടിരുന്നു. ലണ്ടനില്‍ ബിനാമി പേരില്‍ നീരവ് മോദി വജ്രവ്യാപാരം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ നീരവിനെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്തതിന് ശേഷം 2018 ഫെബ്രുവരിയിലാണ് ഇന്ത്യ നീരവ് മോദിയുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശം മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റി പ്രകാരം ബ്രിട്ടന് കൈമാറുന്നതെന്ന് ലണ്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസ് പറഞ്ഞിരുന്നു. ലണ്ടനിലെ സാമ്പത്തിക ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ വിഭാഗമാണ് സീരിയസ് ഫ്രോഡ് ഓഫീസ്.
നീരവ് മോദി ബ്രിട്ടനിലാണുള്ളതെന്ന് സീരിയസ് ഫ്രോഡ് ഓഫീസ് സ്ഥിരീകരിക്കുന്നത് 2018 മാര്‍ച്ചിലാണ്. എന്നാല്‍ അപ്പോഴും നീരവ് മോദി ബ്രിട്ടനിലാണോ ഹോങ്ങ് കോങ്ങിലാണോ എന്നതിനെ എന്നതിനെക്കുറിച്ച് ഇന്ത്യയ്ക്ക് ധാരണയില്ലായിരുന്നു. നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കാമെന്ന് ഫ്രോഡ് കമ്പനി ഇന്ത്യയെ അറിയിച്ചിരുന്നു.
നീരവ് മോദിയെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപേക്ഷ പരിശോധിക്കവെ, അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫയലുകള്‍ ആവശ്യമാണെന്നും അത് തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് മൂന്ന് കത്തുകള്‍ തങ്ങള്‍ അയച്ചതായും ഫ്രോഡ് കമ്പനി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം അതിന് മറുപടി ഒന്നും തന്നില്ലെന്ന് കമ്പനി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഒരു കത്തും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വക്താവ് മറുപടി നല്‍കിയത്.
ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള താല്‍പര്യക്കുറവ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ സീരിയസ് ഫ്രോഡ് കമ്മിറ്റി നീരവ് മോദിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും പിന്മാറിയിരുന്നു.