എട്ടുമാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം, നായികയായി നദിയാ മൊയ്ദു. ഇത്രയുമായിരുന്നു നീരാളി സിനിമയ്ക്ക ഉണ്ടായിരുന്ന ഹൈപ്പ്. അത് കൊണ്ട് തന്നെ അമിത പ്രതീക്ഷകളൊന്നുമില്ലാതെയാണ് ചിത്രം കണ്ടത്.
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. ഒടിയന്റെ മേക്കോവറിനായി മോഹന്‍ലാലിന് ലഭിച്ച സമയത്ത് ചെയ്ത പടമാണ് നീരാളി.
ചിത്രത്തിന്റെ ടാഗ്‌ലൈന്‍ സൂചിപ്പിക്കുന്ന പോലെ ഒരു Do or Die പ്രമേയമാണ് ചിത്രത്തിന്റെയും. നീരാളിയെ ഒരു ഫാന്റസി സര്‍വൈവല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കേണ്ടി വരും. മലയാളത്തില്‍ ആദ്യപരീക്ഷണമാണ് ഇങ്ങനെയൊരു ചിത്രം എന്ന് പറയേണ്ടി വരും.
പക്ഷേ ശക്തമായ ഒരു തിരക്കഥയുടെ പോരായ്മ ചിത്രം നേരിടുന്നുണ്ട്. ബാംഗ്ലൂരില്‍ ജെമ്മോളജിസ്റ്റായ സണ്ണി ജോസഫിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണിയുടെ ഭാര്യയായ മോളികുട്ടിയായി നദിയാ മൊയ്ദുവും സുഹൃത്ത് വീരപ്പയായി സുരാജും സഹപ്രവര്‍ത്തകയായ നൈനയായി പാര്‍വ്വതിയും ചിത്രത്തില്‍ വേഷമിടുന്നു. ഈ നാല് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ബാഗ്ലൂരില്‍ നിന്ന് കോഴിക്കോടേക്ക് പ്രത്യേക സാഹചര്യത്തില്‍ യാത്ര തിരിക്കേണ്ടി വന്നയാളാണ് സണ്ണി. അന്ന് അതേ സ്ഥലത്തേക്ക് യാത്രതിരിച്ച സഹപ്രവര്‍ത്തകന്‍ കൂടിയായ വീരപ്പന്റെ കൂടെയാണ് സണ്ണിയുടെ യാത്ര. വീരപ്പന്‍ തന്റെ കമ്പനിയുടെ അഞ്ചരക്കോടി രൂപ വിലവരുന്ന രത്‌നം കേരളത്തില്‍ കൊണ്ട് വരികയാണ്. പൊലീസിനോ കള്ളന്‍മാര്‍ക്കോ സംശയം തോന്നാതെയിരിക്കാന്‍ വേണ്ടിയാണ് പഴയ വണ്ടി തെരഞ്ഞെടുത്തതെന്ന് പറയുന്നുണ്ട് ചിത്രത്തില്‍.
എന്നാല്‍ യാത്രക്കിടെ കേരള- കര്‍ണ്ണാടക അതിര്‍ത്തിയില്‍വെച്ച് വാഹനം അപകടത്തില്‍പെട്ടു. ടീസറിലും പോസ്റ്ററിലും സൂചിപ്പിക്കുന്ന പോലെ ഒരു കൊക്കയ്ക്ക് സമീപം ഒരു മരത്തടിയില്‍ തങ്ങി ആ വാഹനം നില്‍ക്കുകയാണ്. ഇവിടെ നിന്ന് ഇവര്‍ രക്ഷപ്പെടുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ ആകെ തുക.
എന്നാല്‍ ചിത്രത്തിന്റെ കഥക്ക് അനുസരിച്ച് ചിത്രത്തിനെ കൊണ്ട് പോകാന്‍ സംവിധായകനും തിരക്കഥകൃത്തിനും പൂര്‍ണമായി കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാന്‍. അതേസമയം പലപ്പോഴും മോഹന്‍ലാല്‍ എന്ന സുപ്പര്‍ താരത്തിനേക്കാള്‍ മോഹന്‍ലാല്‍ എന്ന് നടനെ തിരികെ കൊണ്ട് വരാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ആദ്യപകുതി പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും രണ്ടാം പകുതിയോടെ ചിത്രത്തിന്റെ മുറുക്കം നഷ്ടപ്പെടുകയാണ്.
വി.എഫ്.എക്‌സ് നന്നായി ഉപയോഗിച്ച ചിത്രമാണ് നീരാളി. എന്നാല്‍ പലയിടങ്ങളിലും വി.എഫ്.എക്‌സ് ഒരു കല്ല് കടിയായി തോന്നി. ചിത്രത്തിന്റെ കഥ പറയുന്ന രീതിയില്‍ ഫ്‌ളാഷ് ബാക്ക് സീനുകളില്‍ ഉപയോഗിച്ച എഫക്ടിനും സമാനമായ അനുഭവമാണ് സമ്മാനിക്കാനായത്. ചിത്രത്തിലെ നിര്‍ണ്ണായകമായ പല സംഗതികളും പറഞ്ഞ് ചെയ്യിപ്പിക്കുന്നതായി നന്നായി ഫീല്‍ ചെയ്തു. ഉദാഹരണത്തിന് ഫോണിലെ ബാലന്‍സ് തീര്‍ന്നതും കേക്കിന്റെയും ഇന്റര്‍വെല്‍ ഫോണ്‍ കോളും എല്ലാം. അവസരങ്ങള്‍ സന്ദര്‍ഭത്തിന് വേണ്ടി നിര്‍മ്മിച്ച് എടുത്തപോലെ. മേക്കപ്പിനെ കുറിച്ചും വിഗ്ഗിനെ കുറിച്ചും ഒന്നും പറയുന്നില്ല.
ചിത്രത്തിലെ ഫാന്റസി കൊണ്ട് വരാന്‍ ആണെന്ന് തോന്നുന്നു ഒരു ആവശ്യവുമില്ലാതെ സണ്ണിയുടെ അപ്പന്‍ കഥാപാത്രമായി നാസറിനെ കൊണ്ട് വന്നത്. എടുത്ത് പറയേണ്ട ഒരാള്‍ സുരാജാണ്. പലപ്പോഴും പ്രേക്ഷകനെ ചെറുതായി ഒന്ന് വിഷമിപ്പിക്കാന്‍ സുരാജിനായി. ആവര്‍ത്തന വിരസതയില്ലാതെ തന്നെ സുരാജ് തന്റെ വീരപ്പന്‍ എന്ന കഥാപാത്രം മനോഹരമാക്കിയിട്ടുണ്ട്.
എന്നാല്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായ പാര്‍വ്വതിയും നദിയ മൊയ്ദുവും കഥാപാത്രത്തിനോട് എത്രത്തോളം നീതി പുലര്‍ത്തി എന്നത് ചോദ്യമാണ്. നദിയയുടെ കഥാപാത്രം പല രംഗങ്ങളിലും അത്ര ശോഭിച്ചില്ല എന്ന് തന്നെ പറയാം.
മോഹന്‍ലാല്‍ ചിത്രങ്ങളുടെ റഫറന്‍സ് ചിത്രത്തില്‍ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നൊസ്റ്റാള്‍ജിയക്ക് അപ്പുറം അത് അരോചകമായാണ് തോന്നിയത്. ദീലീഷ് പോത്തന്റെ കഥാപാത്രം എന്തിനായിരുന്നു എന്ന് ഇടയ്ക്ക് തോന്നി പോകും.
എടുത്ത് പറയേണ്ടത് ദേവദൂതന്‍. ക്രിഷ്, ജയ് ഹോ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായ സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണമാണ്. പല സീനുകളും മനോഹരമായിരുന്നു. സംഗീത സംവിധായകനായി സ്റ്റീഫന്‍ ദേവസി തന്റെ കന്നി ചിത്രം മോശമാക്കിയില്ല. എം.ജി ശ്രീകുമാര്‍ പാടിയ ഗാനം കൂട്ടത്തില്‍ ഏറെ മികച്ച് നിന്നു. എന്നാല്‍ പശ്ചാത്തല സംഗീതം ഒരുക്കിയ റോണി റാഫേലിന്റെതായി സംഗീതം എത്രത്തോളം ഉണ്ട് എന്ന് ചോദിക്കേണ്ടി വരും. ബാഹുബലി മുതല്‍ പുലിമുരുകന്‍ വരെ പശ്ചാത്തല സംഗീതത്തെ സ്വാധീനിച്ചിട്ടുണ്ട്.
മലയാളത്തിലെ പുതിയ പരീക്ഷണം എന്ന നിലയില്‍ നീരാളിയുടെ സംവിധായകന്‍ അജോയ് വര്‍മ്മ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ട്വിസ്റ്റുകളോ ഗിമിക്കുകളോ ഇല്ലാതെ ഒറ്റത്തവണ കാണാന്‍ കഴിയുന്ന ചിത്രമാണ് നീരാളി.