സീ യൂ സൂണിന്റെ സമയത്ത് ഫഹദ് പറഞ്ഞ കാര്യം; ഞാന്‍ ആ ദിവസം ഡയറിയില്‍ എഴുതിയിട്ടു: നീരജ രാജേന്ദ്രന്‍
Entertainment
സീ യൂ സൂണിന്റെ സമയത്ത് ഫഹദ് പറഞ്ഞ കാര്യം; ഞാന്‍ ആ ദിവസം ഡയറിയില്‍ എഴുതിയിട്ടു: നീരജ രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 5:31 pm

ഈ വര്‍ഷം പുറത്തിറങ്ങി മികച്ച വിജയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആവേശം. രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ഫഹദ് ഫാസിലായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

രംഗന്‍ എന്ന ഗ്യാങ്സ്റ്ററിന്റെ കഥ പറഞ്ഞ ആവേശത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ബിബി മോന്റെ അമ്മയുടേത്. നടി നീരജ രാജേന്ദ്രനായിരുന്നു ആ വേഷം ചെയ്തത്. വൈറസ്, സീ യൂ സൂണ്‍ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നീരജക്ക് സാധിച്ചിരുന്നു.

ഫഹദ് ഫാസിലുമായി തനിക്ക് കോമ്പിനേഷന്‍ സീനുകള്‍ എവിടെയും ഉണ്ടായിരുന്നില്ലെന്നും ഒരു സീനിലും ഒരുമിച്ച് ഇല്ലെങ്കിലും ആവേശത്തിന്റെ സെറ്റില്‍ തങ്ങള്‍ കുറേ സമയം ഒരുമിച്ച് ഉണ്ടായിരുന്നെന്നും നടി പറയുന്നു.

സീ യൂ സൂണിന്റെ സമയത്ത് ഫഹദ് വൈറസ് സിനിമയെ കുറിച്ചായിരുന്നു സംസാരിച്ചതെന്നും അതില്‍ തനിക്ക് വലിയ സന്തോഷം തോന്നിയെന്നും നീരജ പറയുന്നു. നാന ഫിലിം വീക്ക്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഫഹദുമായി എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ എവിടെയും ഉണ്ടായിരുന്നില്ല. സിനിമയില്‍ എല്ലാം ഫോണിലൂടെയായിരുന്നു. ഒരു സീനില്‍ ഒരുമിച്ച് ഇല്ലെങ്കിലും ആവേശത്തിന്റെ സെറ്റില്‍ ഞങ്ങള്‍ കുറേ സമയം ഒരുമിച്ച് ഉണ്ടായിരുന്നു.

അതിന് മുമ്പ് സീ യൂ സൂണിന്റെ ഭാഗമായി ഫോട്ടോ എടുക്കാനായി പോയപ്പോള്‍ ഫഹദായിരുന്നു വന്ന് ഡോര്‍ തുറന്നു തന്നത്. ഫഹദ് പറഞ്ഞത് വൈറസ് സിനിമയെ കുറിച്ചായിരുന്നു. അതിലെ കഥാപാത്രം നന്നായെന്ന് പറഞ്ഞു. അത് എനിക്ക് വലിയ സന്തോഷം തന്നു.

ഞാന്‍ ആ ദിവസം ഡയറിയില്‍ വരെ എഴുതിയിട്ടിട്ടുണ്ട്. ഫഹദിനെ പോലെ ഒരാള്‍ അങ്ങനെ പറയുന്നത് വലിയ കാര്യമല്ലേ. അതിന് മുകളില്‍ വേറെ എന്തുവേണം. അന്ന് എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു,’ നീരജ രാജേന്ദ്രന്‍ പറഞ്ഞു.

Content Highlight: Neeraja Rajendran Talks About Fahadh Faasil And Virus Movie