|

അന്ന് ആ പൃഥ്വിരാജ് ചിത്രത്തിലെ രണ്ട് സീനിലൂടെയാണ് ദൃശ്യത്തില്‍ എത്തുന്നത്: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നീരജ് മാധവ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് അദ്ദേഹം. 2013ല്‍ രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു.

ബഡി എന്ന സിനിമക്ക് ശേഷം അതേവര്‍ഷം തന്നെ നീരജ് അഭിനയിച്ച സിനിമകളാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായ മെമ്മറീസ്, മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം എന്നിവ. ഇരു ചിത്രങ്ങളും സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു.

ഇപ്പോള്‍ താന്‍ മെമ്മറീസ് സിനിമയില്‍ നിന്ന് ദൃശ്യത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നീരജ്. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ രണ്ടാമത്തെ സിനിമയായിരുന്നു മെമ്മറീസ് എന്നും അതില്‍ ആകെ രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നീരജ് പറയുന്നു.

അതില്‍ ആദ്യത്തെ സീന്‍ കഴിഞ്ഞതും സംവിധായകന്‍ ജീത്തു ജോസഫ് വിളിച്ച് തന്റെ അഭിനയം കൊള്ളാമെന്നും വേറെ ഒരു പടമുണ്ടെന്നും പറയുകയായിരുന്നുവെന്നും നീരജ് മാധവ് പറഞ്ഞു. അങ്ങനെയാണ് താന്‍ ദൃശ്യത്തില്‍ എത്തുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ രണ്ടാമത്തെ സിനിമയായിരുന്നു മെമ്മറീസ്. അതില്‍ ആകെ രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒരു വര്‍ക്ക് ഷോപ്പിലെ മെക്കാനിക്കായിട്ടാണ് അഭിനയിച്ചത്. പക്ഷെ ആ സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആണെന്ന് ആളുകള്‍ക്ക് ആര്‍ക്കും മനസിലായിരുന്നില്ല. അന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

പിന്നെ ഇപ്പോള്‍ വീണ്ടും മെമ്മറീസ് കാണുന്നവര്‍ എന്നെ തിരിച്ചറിയുന്നുണ്ട്. അന്നൊന്നും എന്റെ പേര് പോലും ആളുകള്‍ക്ക് അറിയില്ലല്ലോ. അതില്‍ ആദ്യത്തെ സീന്‍ കഴിഞ്ഞതും ജീത്തു ചേട്ടന്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു. ‘നീ കൊള്ളാമല്ലോടാ. നിനക്ക് വേറെ ഒരു പടമുണ്ട്. അത് ഞാന്‍ പറയാം’ എന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ദൃശ്യത്തില്‍ എത്തുന്നത്,’ നീരജ് മാധവ് പറഞ്ഞു.

Content Highlight: Neeraj Madhav Talks About Memories And Drishyam Movie With Jeethu Joseph