|

വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന പാട്ടിനോടുള്ള സ്‌നേഹം കാരണം ഞാന്‍ കൊറിയോഗ്രഫി ചെയ്യുകയായിരുന്നു: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി (2013) എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ നീരജ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന റാപ്പറുമാണ്. ഫാമിലിമാന്‍ എന്ന സീരീസിലൂടെ ബോളിവുഡിലും നീരജ് തന്റെ സാന്നിധ്യമറിയിച്ചു.

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയോടൊപ്പം നീരജ് മാധവും അഭിനയിച്ചിരുന്നു. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘എന്നെ തല്ലേണ്ടമ്മവാ ഞാന്‍ നന്നാവൂല്ലാ’ എന്ന പാട്ടും അക്കാലത്തെ ഹിറ്റ് ഗാനമായിരുന്നു.

‘എന്നെ തല്ലേണ്ടമ്മവാ ഞാന്‍ നന്നാവൂല്ലാ’ എന്ന പാട്ടിന്റെ കൊറിയോഗ്രാഫറും നീരജ് മാധവ് ആയിരുന്നു. ആ പാട്ട് കൊറിയോഗ്രാഫ് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് റെഡ് എഫ്. എം മലയാളിത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ് മാധവ്.

‘വടക്കന്‍ സെല്‍ഫിയില്‍ ‘എന്നെ തല്ലേണ്ടമ്മവാ ഞാന്‍ നന്നാവൂല്ലാ’ എന്ന പാട്ടിന്റെ കൊറിയോഗ്രാഫര്‍ വന്നില്ല. ആ രണ്ട് ദിവസം സിനിമയുടെ ഷൂട്ട് ഒന്നും നടന്നില്ല. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ളവര്‍ പഴനിയില്‍ ബാക്കിയുള്ള ഷൂട്ടിനായി പോകും. ഇനി ആ പാട്ട് നടക്കുമോ എന്നൊന്നും അറിയില്ല.

ഈ പാട്ടിലാണെങ്കില്‍ ഞാനും അജുവും നിവിനുമാണ്. എനിക്കാണെങ്കില്‍ ആ പാട്ട് ഭയങ്കര ഇഷ്ടവുമാണ്. ‘ഈ പാട്ട് നമുക്ക് സ്‌കിപ് ചെയ്യേണ്ടി വരുമോ’ എന്നെല്ലാം വിനീതേട്ടന്‍ ജോമോന്‍ ചേട്ടനോട് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പടത്തില്‍ ഓര്‍ഗനിക്കലി ഉള്ളൊരു പാട്ടുമല്ല അത്. വേണമെങ്കില്‍ ഒഴിവാക്കാം. പ്രേമോ സോങ് പോലത്തെ ഒരു സാധനമാണ്. ഈ പാട്ട് നടന്നില്ലെങ്കില്‍ പണിയാകുമെന്ന് തോന്നി ഞാന്‍ ജോമോന്‍ ചേട്ടനോട് പോയി വേണമെങ്കില്‍ ഞാന്‍ കൊറിയോഗ്രാഫ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ചെയ്തതാണ് ആ പാട്ട്,’ നീരജ് മാധവ് പറയുന്നു.

Content highlight: Neeraj Madhav talks about choreographing song in Oru Vadakkan Selfie movie