|

മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടികാണിക്കാത്ത യുവതാരം അദ്ദേഹം മാത്രമാണ്: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ഒന്നോ രണ്ടോ സീനുകളില്‍ വന്നുപോകുന്ന നടനായി കരിയര്‍ ആരംഭിച്ച നീരജ് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നീരജ് ആര്‍.ഡി.എക്സ് എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരിസിലെ വിനോദായി ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് നീരജ് മാധവ്. വെബ് സീരീസില്‍ നീരജിനോടൊപ്പം അജു വര്‍ഗീസും അഭിനയിച്ചിരുന്നു.

അജു വര്‍ഗീസിനെ കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്. അജു വര്‍ഗീസ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഹോംവര്‍ക്കുകള്‍ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും എന്നാല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ വിസ്മയിപ്പിക്കാറുണ്ടെന്നനും നീരജ് പറയുന്നു. മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടികാണിക്കാത്ത യുവതാരം അജു വര്‍ഗീസ് ആണെന്നും നീരജ് മാധവ് പറഞ്ഞു.

‘അജു കഥാപാത്രങ്ങള്‍ക്ക് വേണ്ടി വലിയ ഹോംവര്‍ക്കുകള്‍ ചെയ്യുന്നത് കാണാറില്ല. എന്നിരുന്നാലും സ്‌ക്രീനില്‍ വരുമ്പോള്‍ വിസ്മയിപ്പിക്കാറുണ്ട്.മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടികാണിക്കാത്ത യുവതാരം അജു മാത്രമാണ്,’ നീരജ് മാധവ് പറയുന്നു.

അജു വര്‍ഗീസും നീരജ് മാധവും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു 2017ല്‍ പുറത്തിറങ്ങിയ ലവകുശ. നീരജ് മാധവിന്റെ തിരക്കഥയില്‍ ഗിരീഷ് മനോ സംവിധാനം ചെയ്ത ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അജു വര്‍ഗീസ് പറഞ്ഞിരുന്നു.

‘ഞാനും നീരജും ലവകുശ 2 പ്ലാന്‍ ചെയ്യുന്നുണ്ട്. ചില കാമിയോയും സര്‍പ്രൈസ് കാസ്റ്റിങ്ങുമെല്ലാം ചിലപ്പോള്‍ ഉണ്ടാകാം. നീരജ് എന്നോട് ഒരു കഥപറഞ്ഞിട്ടുണ്ട്. ഒരുപാട് ചിരിക്കാനുള്ള, ചിരിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ അതില്‍ ഉണ്ട്.

അതിനെ നമുക്ക് ഇനിയും വളര്‍ത്താന്‍ കഴിയും. അങ്ങനെ എല്ലാം നല്ല രീതിയില്‍ ശരിയായി വന്നാല്‍ നമുക്ക് അത് നോക്കാം. നല്ല ഒരു ആര്‍ട്ടിസ്റ്റിനെയെല്ലാം അതിലേക്ക് ക്ഷണിക്കാം,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Neeraj Madhav Talks About Aju Varghese

Video Stories